police-station-march
ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് കശുഅണ്ടി തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്‌ ഖാൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കശുഅണ്ടി കോർപ്പറേഷന്റെ ചാത്തന്നൂർ ഫാക്ടറിയിലെ വനിതാ തൊഴിലാളിയെ ആക്രമിച്ച സി.ഐ.ടി.യു നേതാവിനെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപിച്ച് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് തൊഴിലാളികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ നിയമ വ്യവസ്ഥകൾ ഉള്ളപ്പോൾ ക്രിമിനലുകളെ സംരക്ഷിക്കാൻ പൊലീസ് അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ പ്രസിഡന്റ് മൈലക്കാട് സുനിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു സ്വാഗതം പറഞ്ഞു. യു.ഡി.എഫ് കൊല്ലം ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ്, കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. ജയചന്ദ്രൻ. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എൻ. ഉണ്ണിക്കൃഷ്ണൻ, സിസിലി സ്റ്റീഫൻ, കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ് ചാത്തന്നൂർ മുരളി, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി റാം മോഹൻ, വി. വിജയമോഹനൻ, എം. സുന്ദരേശൻ പിള്ള, കെ.ബി. ഷഹാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോൺ എബ്രഹാം, കെ. സുജയ്‌കുമാർ, ഐ.എൻ.ടി.യു.സി നേതാക്കളായ ചിറക്കര ശശി, ചിറക്കര പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

ചാത്തന്നൂർ തിരുമുക്കിലുള്ള ഫാക്ടറി പടിക്കൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് പൊലീസ് തടഞ്ഞു. ഐ.എൻ.ടി.യു.സി നേതാക്കളായ മൈലക്കാട് സുനിൽ, എൻ. മഹേശ്വരൻ, പൂതക്കുളം സുനിൽകുമാർ, രതീഷ് ഭൂതക്കുളം, അന്നമ്മ, അമ്പിളി, ഷീജ, സുധർമ്മ, തോമസ്, ശശാങ്കൻ ഉണ്ണിത്താൻ, കോൺഗ്രസ് നേതാക്കളായ രാമചന്ദ്രൻ പിള്ള, സജി സാമുവൽ, സഹദേവൻ, ആർ.എസ്.പി നേതാക്കളായ വിജയൻ സുരേന്ദ്രൻ, രാജൻകുറുപ്പ്, സി. അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി.