marsh
ജോലിഭാരം വർദ്ധിപ്പിച്ച നടപടി കാഷ്യു കോർപ്പറേഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കശുഅണ്ടി തൊഴിലാളികൾ ഒഴിഞ്ഞകലങ്ങളുമായി നടത്തിയ കളക്ടറേറ്റ് മാർച്ച്

കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷനു കീഴിലുള്ള 30 ഫാക്ടറികളിലെയും ഗ്രേഡിംഗ് വിഭാഗം തൊഴിലാളികൾ ജോലിഭാരം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗ്രേഡിംഗിലെ പുതിയ ക്രമീകരണങ്ങൾ തത്ക്കാലം മരവിപ്പിക്കാൻ തീരുമാനിച്ചതായി കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരത്തിൽ നിന്ന് പിന്മാറിയത്. ഒരു തൊഴിലാളി ഒരു ദിവസം തരംതിരിക്കാനുള്ള (ഗ്രേഡിംഗ്) കശുഅണ്ടി പരിപ്പിന്റെ അളവ് 80 കിലോയിൽ നിന്ന് 100 കിലോയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

കോർപ്പറേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി ഏകീകരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഗ്രേഡിംഗിലെ വർക്ക് ലോഡ് പരിഷ്കരണം തൊഴിലാളികളെ പൂർണമായി ബോദ്ധ്യപ്പെടുത്തി സാവധാനം നടപ്പാക്കുമെന്നാണ് ഇന്നലെ ചെയർമാൻ പറഞ്ഞത്.

ഒരു ട്രേഡ് യൂണിയന്റെയും

പിന്തുണയില്ലാത്ത സമരം

കശുഅണ്ടി വ്യവസായ മേഖലയിലെ ഒരു അംഗീകൃത ട്രേഡ് യൂണിയന്റെയും പിന്തുണയോ സഹായമോ ഇല്ലാതെ തൊഴിലാളികൾ സ്വയം തുടങ്ങിയ സമരമാണ് 30 ഫാക്ടറികളുടെയും പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന വിധം ശക്തിയാർജ്ജിച്ചത്. മറ്റു വിഭാഗം തൊഴിലാളികൾ കൂടി ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഫാക്ടറിയിൽ എത്തിയ തൊഴിലാളികൾ ജോലി ബഹിഷ്ക്കരിച്ച് സമരം ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച തൊഴിലാളികൾ സംഘടിതരായി കാഷ്യു കോർപ്പറേഷൻ ആസ്ഥാനത്തേക്ക് തള്ളിക്കയറി വൈകുന്നേരം വരെ ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചിരുന്നു. വൻ പൊലീസ് സന്നാഹം എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. തൊഴിലാളികൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ട്രേഡ്‌യൂണിയൻ സമരം പൊളിക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു. ഇന്നലെ രാവിലെ നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ മൺകലങ്ങളുമായി ചിന്നക്കടയിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രശ്നം കൂടുതൽ വഷളാകുമെന്ന് ബോദ്ധ്യമായതോടെയാണ് ബന്ധപ്പെട്ടവർ സമരം ഒത്തുതീർക്കാൻ അടിയന്തര ഇടപെടൽ നടത്തിയത്.

ഫാക്ടറികളിൽ പ്രൊഡക്ഷൻ കമ്മിറ്റികൾ കൂടി അംഗീകൃത ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്‌ത് തീരുമാനം നടപ്പാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അംഗീകൃത സെൻട്രൽ ട്രേഡ് യൂണിയനുകളുടെ യോഗത്തിൽ തീരുമാനമായെന്നാണ് ഇന്നലെ കോർപ്പറേഷൻ ചെയർമാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ സമരത്തെ പിന്തുണയ്ക്കാത്ത സെൻട്രൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയെന്ന ചെയർമാന്റെ വാദവും സമരത്തിൽ ഏർപ്പെട്ട തൊഴിലാളികൾ തള്ളിക്കളഞ്ഞു.

തൊഴിലാളികളുടെ വാദം

1.തരംതിരിക്കൽ 80 കിലോഗ്രാമിൽ നിന്ന് 100 കിലോഗ്രാമാക്കി. ഒരു ദിവസംകൊണ്ട് ഈ ജോലി തീർക്കാനാവില്ല.

2. ഒരു ജോലിക്ക് ഒരു ഹാജർ എന്നതിനാൽ ഗ്രേഡിംഗ് വിഭാഗത്തിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നില്ല.

3. ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാൻ 6 മാസത്തിൽ 75 ഹാജർ വേണം

4. ഹാജർ 3650 എണ്ണം തികഞ്ഞാലേ പി.എഫ് പെൻഷൻ ലഭിക്കൂ.

5. പുതിയ പരിഷ്ക്കാരത്തിലൂടെ തൊഴിലാളികൾ ഈ ആനുകൂല്യങ്ങളിൽ നിന്ന് എന്നേക്കുമായി പുറത്താകും.

6. കൂലി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തതെന്നായിരുന്നു തൊഴിലാളികളുടെ വാദം. രണ്ടുദിവസം ജോലി ചെയ്താലേ 280 രൂപ കൂലി ലഭിയ്ക്കുകയുള്ളു.