photo
താലൂക്ക് ജമാഅത്ത് യൂണിയന്റെയും മുസ്ലീം ഐക്യവേദിയുടേയും നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി

കരുനാഗപ്പള്ളി:പൗരത്വ ബില്ലിനെതിരെ കരുനാഗപ്പള്ളിയിൽ താലൂക്ക് ജമാഅത്ത് യൂണിയന്റെ നേതൃത്വത്തിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ പരിധിയിൽ വരുന്ന 36 അംഗ ജമാഅത്തുകളിൽ നിന്നുള്ളവർ പങ്കെടുത്തു. പുതിയകാവ് പള്ളിയുടെ മുന്നിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. പുള്ളിമാൻ ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, കെ,എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലൂടെ നടന്ന പ്രകടനം മുൻസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.

താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, ഷിബു ബേബിജോൺ, പി.ആർ. വസന്തൻ, സി.ആർ. മഹേഷ്, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കെ.പി. മുഹമ്മദ്, കെ.എ. ജവാദ്, കുരു‌ന്റയ്യത്ത് അബ്ദുൽ വാഹിദ്, എം. ഇബ്രാഹിംകുട്ടി, എം.എ. ആസാദ്, മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം. അൻസാർ, ഡോ.എ.എ. അമീൻ, ഖലിലൂദ്ദീൻ പൂയപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.