general

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ പിടിച്ചെടുത്തു

അഞ്ചാലുംമൂട് : കുളിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പലർക്കായി കാഴ്ചവച്ച കേസിൽ മൂന്നുപേരെക്കൂടി അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അറസ്റ്റിലായവരിൽ നാലുപേരെ നേരത്തെ തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

കൊട്ടിയം പുല്ലിച്ചിറയിൽ സ്വകാര്യ ഹോം സ്റ്റേ നടത്തിവന്ന കരിക്കോട് ട്രിനിറ്റി സ്‌കൂളിന് സമീപം കിണറുവിള കിഴക്കതിൽ ഷിജു (35), തിരുവനന്തപുരം പള്ളിക്കൽ പടിഞ്ഞാറെപ്പാറയിൽ മിനി (33), പെൺകുട്ടിയുടെ അടുത്തബന്ധുവായ സബിയത്ത് (34) എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയത്.

അതേസമയം ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയും പെൺകുട്ടിയുടെ അമ്മായിയുമായ ലിനറ്റിന്റെ കുന്നംകുളത്തുള്ള സുഹൃത്തിന്റെ കടയിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. ലിനറ്റിന്റെ കൈവശമുള്ള ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫോൺ കുന്നംകുളത്ത് ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുനൽകിയിട്ടുണ്ടോയെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചുവരികയാണ്. കൊട്ടിയത്തെ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും ഒട്ടേറെപ്പേർ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഓരോ ഇടപാടുകാരിൽ നിന്നും അയ്യായിരം രൂപവരെ പ്രതിഫലമായി ലിനറ്റ് വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.