ചാത്തന്നൂർ: സൂര്യഗ്രഹണം ദർശിക്കാൻ ഒരുങ്ങിയും പുതുവർഷത്തെ വരവേൽക്കാനുമായി കോയിപ്പാട് ഗവ. എൽ.പി.എസിൽ 'നിർമ്മിതി 2019' എന്ന പേരിൽ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ഡിസംബർ 26ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണത്തെ തൽസമയം കാണാനായി സിൽവർ ഫോയിൽ പേപ്പർ ഉപയോഗിച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ സഹായത്തോടെ സൗര കണ്ണട നിർമ്മിച്ചു.
26ന് രാവിലെ 8 മുതൽ കുട്ടികളും രക്ഷിതാക്കളും സ്കൂൾ അങ്കണത്തിൽ ഒരുമിച്ചാണ് വലയ സൂര്യഗ്രഹണം കാണുക. ഇതോടനുബന്ധിച്ച് ജ്യോതിശാസ്ത്ര ക്വിസ് ഉൾപ്പടെയുള്ള വിവിധ ശാസ്ത്ര പരിപാടികളും സ്കൂളിൽ നടക്കും. ഇതുകൂടാതെ പുതുവർഷത്തെ വരവേൽക്കാനായി ആശംസാ കാർഡുകളും കുട്ടികൾ സ്വന്തമായി നിർമ്മിച്ചു. പ്രഥമാദ്ധ്യാപിക ഏലിയാമ്മ വർഗീസ്, അദ്ധ്യാപകരായ പ്രേമലത, സൈജ, നിധി, ലേജു, രാഹുൽ എന്നിവർ നേതൃത്വം നൽകി.