കൊല്ലം: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ ക്യാമ്പസിനുള്ളിൽ കയറി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും പൗരത്വ ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയും ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. നൂറോളം വിദ്യാർത്ഥികൾ പ്രകടനമായി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ട്രെയിൻ തടയുകയും ചെയ്തു. പൊലീസ് തടയാൻ ശ്രമിച്ചങ്കിലും പ്രവർത്തകർ അരമണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് എം. സജി, ജെ. ജയേഷ്, ഫാറൂഖ് ഫൈസൽ, എസ്. സന്ദീപ്, ഗോപീകൃഷ്ണ, അജി നാസ്, അശ്വിൻ ഇളമാട് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് റെയിൽവേ സ്‌റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ സംസാരിച്ചു. പുലർച്ചെ ഒരു മണിക്ക് കൊല്ലം മെഡിക്കൽ കോളേജിലും എഴുകോണിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.