case-factory
ചാത്തന്നൂർ കോർപ്പറേഷൻ ഫാക്ടറിയിൽ തൊഴിലാളിയെ മർദ്ധിച്ചതുമായി ബന്ധപ്പെട്ട് തൊലിലാളികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി

ചാത്തന്നൂർ: കശുഅണ്ടി തൊഴിലാളികളോടുളള മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ നിലപാട് അപഹാസ്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. അമിത തൊഴിൽ ഭാരത്തിൽ പ്രതിഷേധിച്ച് കശുഅണ്ടി വികസന കോർപ്പറേഷൻ 12-ാം നമ്പർ ഫാക്ടറിക്ക് മുന്നിൽ തൊഴിലാളികൾ നടത്തുന്ന സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ വികാരം മന്ത്രിയെയും കൂട്ടരെയും വല്ലാതെ സ്വാധീനിച്ചിരിക്കുകയാണ്. ഭരണത്തിൽ വന്നതോടെ അവർ കുത്തക മുതലാളിമാരായി മാറിയിരിക്കുന്നു. സി.ഐ.ടി.യു സംസ്ഥാന നേതാവ് കൂടിയായ മേഴ്‌സിക്കുട്ടിഅമ്മ കശുവണ്ടി തൊഴിലാളികളെ കൊണ്ട് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സത്യാഗ്രഹം നടത്തി പൂർണ്ണ ഡി.എയും ആനുകൂല്യങ്ങളും നൽകണമെന്നും കൂലികൂട്ടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ സത്യാഗ്രഹം നടത്തിയ മന്ത്രി ഇപ്പോൾ ഡി.എ വെട്ടിപ്പിനും കൂലി നിക്ഷേധത്തിനും നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 തൊഴിലാളിയെ മർദ്ദിച്ചയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം

ചാത്തന്നൂർ: കശുഅണ്ടി ഫാക്ടറി പടിക്കൽ ജനാധിപത്യപരമായി സമരം ചെയ്ത സ്ത്രീ തൊഴിലാളിയെ മർദ്ദിച്ച സി.ഐ.ടി.യു നേതാവ് രാജേന്ദ്രനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. 20 വർഷമായി കോർപ്പറേഷന്റെ ചാത്തന്നൂർ കശുഅണ്ടി ഫാക്ടറിയിൽ തുടർച്ചയായി ജോലി ചെയ്തുവരികയാണ് രാജേന്ദ്രൻ. ഫാക്ടറിക്കുള്ളിൽ ഭരണം നടത്തുന്നതും ഇയാളാണ്. ട്രാൻസ്ഫർ പോലുമില്ലാതെ ഇത്രയും കാലം തുടരുന്ന രാജേന്ദ്രനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.