kunnathur
തരിശുരഹിത പോരുവഴി പദ്ധതിയുടെ ഭാഗമായി പോരുവഴി വീട്ടിനാൽ എലായിൽ നടന്ന ഞാറുനടീൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയപ്രസന്നൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്നത്തൂർ: രണ്ടര പതിറ്റാണ്ടോളം തരിശായിക്കിടന്ന പോരുവഴി വീട്ടിനാൽ ഏലായിൽ വീണ്ടും ഞാറ്റുപാട്ടുയർന്നു. നൂറു കണക്കിന് കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ഉത്സവാന്തരീക്ഷത്തിൽ പോരുവഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീട്ടിനാൽ ഏലായിൽ കൃഷിയിറക്കി. ഞാറുനടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയപ്രസന്നനും ഗ്രാമോത്സവവും കുടുംബശ്രീ സംഗമവും ഐഷാ പോറ്റി എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ജില്ലാ പഞ്ചായത്ത് അംഗം എം. ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ മിഷൻ സി.എം.സി എസ്.ജി. സന്തോഷ്, ഹരിത കേരളം മിഷൻ കോ ഒാർഡിനേറ്റർ ഐസക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശ്, മലനട ദേവസ്വം സെക്രട്ടറി എസ്.ബി. ജഗദീഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അന്നമ്മാ ജോണി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്, ഹരിത കേരളാ മിഷൻ, കൃഷി വകുപ്പ്, കുടുംബശ്രീ, ഗ്രീൻ ആർമി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് പത്തേക്കറിൽ കൃഷിയിറക്കിയത്. മൂന്നു മാസം കൊണ്ട് വിളവു ലഭിക്കുന്ന ഓണം ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത്. മലനട മലക്കുട മഹാത്സവം നടക്കുന്ന വെൺകുളം ഏലായുടെ കിഴക്കുവശത്തുള്ള ഏലാ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. വിത്തും പൂട്ടുകൂലിയും അടക്കമുള്ളവ പോരുവഴി കൃഷി ഭവനാണ് നൽകുന്നത്.