കക്കവാരൽ ഉപജീവനമാക്കിയ രണ്ട് വിഭാഗം തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവ്
ഓച്ചിറ: കൊല്ലം ജില്ലയിൽ താൽക്കാലികമായി കക്കവാരൽ നിരോധിച്ചതോടെ കായംകുളം ടി.എസ് കനാലിൽ അഴീക്കൽ പൊഴി കേന്ദ്രീകരിച്ച് കക്കവാരി ഉപജീവനം നടത്തുന്ന തൊഴിലാളികൾ പ്രതിസന്ധിയിൽ. കൊല്ലം ജില്ലയിൽ മാത്രമേ കക്കവാരലിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളൂ എന്നതിനാൽ കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന കായംകുളം പൊഴി കേന്ദ്രീകരിച്ച് ഇപ്പോഴും കക്കവാരൽ നടക്കുന്നുണ്ട്. കക്കവാരൽ ഉപജീവനമാക്കിയ രണ്ട് വിഭാഗം തൊഴിലാളികൾ തമ്മിൽ ഇടക്കിടെ ഇവിടെ സംഘർഷവും ഉണ്ടാകുന്നുണ്ട്. ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയിൽ ഡിസംബർ, ജനുവവരി, ഫെബ്രുവരി മാസങ്ങളിൽ കക്കവാരൽ നിരോധിച്ചിരിക്കുകയാണ്. ഈ മാസങ്ങൾ കക്കയുടെ പ്രജനന കാലമായതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. കായംകുളം ടി.എസ് കനാലിൽ നിന്ന് കക്ക വാരുന്ന തൊഴിലാളികൾ ജില്ലയുടെ തെക്കേ അതിർത്തിയായ ആലുംപീടിക സത്യാലയം കടവ് കേന്ദ്രീകരിച്ചാണ് കക്കയുടെ സംഭരണവും സംസ്കരണവും വിതരണവും നടത്തുന്നത്. അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ കക്കസംഭരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവർ കളക്ടറുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ഡിസംബർ ഒന്നുമുതൽ കക്കവാരൽ നിറുത്തിവെച്ചിരിക്കുകയാണ്.
എന്നാൽ ആലപ്പുഴ ജില്ലയിൽ കക്കവാരൽ നിരോധിച്ചിട്ടില്ല. കായംകുളം കായലിന്റെ വടക്കേ അതിർത്തിയായ വലിയഴീക്കൽ കേന്ദ്രീകരിച്ച് ഇപ്പോഴും കക്കവാരൽ സജീവമായി നടന്നുവരുകയാണ്. കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും തൊഴിലാളികൾ ഇവിടെയെത്തി കക്ക വാരുന്നുണ്ട്. തങ്ങൾ നിയമം പാലിച്ച് കക്ക വാരാതിരിക്കുമ്പോൾ നിയമത്തിന്റെ പഴുതുപയോഗിച്ച് ഒരു വിഭാഗം തൊഴിലാളികൾ കക്കയുടെ വംശനാശംപോലും കണക്കിലെടുക്കാതെ കക്കവാരുന്നത് പല ദിവസങ്ങളിലും തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിന് കാരമാകുന്നുണ്ട്.
ആലപ്പുഴയിലും നിരോധിക്കണം
കൊല്ലം ജില്ലയിൽ കക്കവാരൽ നിരോധിച്ചതിന് പിന്നാലെ ആലപ്പുഴ ജില്ലയിലും കക്കവാരൽ നിരോധിക്കുകയാണ് കായലിൽ തൊഴിലാളികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനുള്ള പരിഹാരം. ആലപ്പുഴ ജില്ലയിലും കക്കവാരൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
തർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ഞങ്ങളും നിരോധന നിയമം ലംഘിച്ച് കായലിൽ ഇറങ്ങി കക്ക വാരാൻ നിർബന്ധിതരാകും
സ്റ്റീഫൻ നെറ്റോ, പ്രസിഡന്റ്, കക്കസംഭരണ തൊഴിലാളി സംഘം, ആലുംപീടിക.
ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയിൽ
ഡിസംബർ, ജനുവവരി, ഫെബ്രുവരി
മാസങ്ങളിൽ കക്കവാരൽ നിരോധിച്ചിരിക്കുകയാണ്