kottiyam
കൊട്ടിയം ജംഗ്ഷൻ

കൊല്ലം: കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ 'കൊട്ടിയം- സ്വപ്നങ്ങളും പരാധീനതകളും' എന്ന വിഷയത്തിൽ നാളെ വികസന സെമിനാർ നടക്കും. കൊട്ടിയം എസ്.എൻ പോളിടെക്‌നിക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ജി.എസ്. ജയലാൽ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും.

എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീൻ, എസ്.എൻ പോളിടെക്‌നിക് പ്രിൻസിപ്പൽ വി. അജിത്ത്, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണൻ, എസ്.എൻ പോളിടെക്നിക് ഇലക്ട്രോണിക്സ് വിഭാഗം മേധാവി വി. സന്ദീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂണിറ്റ് സെക്രട്ടറി എസ്. കബീർ തുടങ്ങിയവർക്ക് പുറമേ വിവിധ രാഷ്ട്രീയപാർട്ടികളുടെയും സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനകളുടെയും ഭാരവാഹികളും പങ്കെടുക്കും. കേരളകൗമുദി ബ്യൂറോ ചീഫ് സി. വിമൽകുമാർ സ്വാഗതവും കൊട്ടിയം ലേഖകൻ പട്ടത്താനം സുനിൽ നന്ദിയും പറയും.

 അടിസ്ഥാന സൗകര്യങ്ങൾക്കായി കേഴുന്ന കൊട്ടിയം

പ്രതിദിനം ശരാശരി മുപ്പതിനായിരം പേരെത്തുന്ന കൊട്ടിയം ജംഗ്ഷനിലെ ബസ് ഷെൽട്ടറുകളിൽ യാത്രക്കാർക്ക് ഒന്നിരിക്കാനുള്ള സൗകര്യം പോലുമില്ല. റോഡ് വക്കിലെ അനധികൃത പാർക്കിംഗ് ജംഗ്ഷന്റെ കഴുത്ത് ഞെരിക്കുകയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ ഉപഭോക്താക്കൾ മറ്റ് സ്ഥലങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് പോകുന്നു. കൊട്ടിയം ജംഗ്ഷനിൽ മയ്യനാട്ടേക്ക് തിരിയുന്ന ഭാഗത്തെ വീതി കുറവ് അപകടങ്ങൾ പതിവാക്കുന്നു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമെത്തുന്ന ജംഗ്ഷനിൽ വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും സംവിധാനമില്ല.

പരാധീനതകളുടെ പട്ടിക നീണ്ടുപോകുമ്പോൾ ഹൈടെക് ബസ് സ്റ്റോപ്പുകൾ, ആധുനിക അമിനിറ്റി സെന്റർ, പേ ആൻഡ് യൂസ് പാർക്കിംഗ് കേന്ദ്രം, ബസ് സ്റ്റാൻഡ്, ഹൈടെക് സ്റ്റേഡിയം, അണയാത്ത തെരുവ് വിളക്കുകൾ, മാലിന്യ സംസ്കരണ പ്ലാന്റ് ഇങ്ങനെ ഒരുപിടി സ്വപ്നങ്ങളും കൊട്ടിയത്തുകാരുടെ മനസിലുണ്ട്. കൊട്ടിയത്തിന്റെ പരാധീനതകൾ പരിഹരിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഉരുത്തിരിയുമെന്ന പ്രതീക്ഷയോടെയാണ് കേരളകൗമുദി വികസന സെമിനാ‌ർ സംഘടിപ്പിക്കുന്നത്.