കൊല്ലം നഗരത്തിൽ നാല് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ല് തകർത്തു
കൊല്ലം: പൗരത്വ ബില്ലിനെതിരെ ചില സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി ഇന്നലെ നടത്തിയ ഹർത്താലിൽ ജില്ലയിൽ പലിടത്തും അക്രമമുണ്ടായി. കൊല്ലം നഗരത്തിൽ മാത്രം നാല് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തു.
രാവിലെ 11.30 ഓടെ എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ജവഹർ ജംഗ്ഷനിൽ വച്ച് കൊല്ലം ഡിപ്പോയിലെ ഓർഡിനറി ബസിന് നേരെ ബൈക്കിലെത്തിയ സംഘം നടത്തിയ കല്ലേറിൽ മുൻഭാഗത്തെയും പിന്നിലെയും ചില്ലുകൾ പൂർണമായും തകർന്നു. ഇതേസമയം പള്ളിമുക്കിൽ പറവൂർ ഫാസ്റ്റ് പാസ്സഞ്ചർ ബസിന് നേരെ കല്ലേറുണ്ടായി. തൊട്ടുപിന്നാലെ ബീച്ച് റോഡിൽ ഡി.സി.സി ഓഫീസിന് സമീപം വച്ച് ചാത്തന്നൂരിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഓർഡിനറി ബസിന് നേരെ ഉണ്ടായ കല്ലേറിൽ മുൻ ഭാഗത്തെ ചില്ലുകൾ തകർന്നു. ഉച്ചയോടെ ലിങ്ക് റോഡിൽ വച്ച് കൊല്ലം ഡിപ്പോയിലേക്ക് വരികയായിരുന്ന പുനലൂർ സ്റ്റാൻഡിലെ ബസിന് നേരെ ബൈക്കിലെത്തിയ സംഘം നടത്തിയ കല്ലേറിൽ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. നാല് ബസുകളുടെ ചില്ലുകൾ തകർന്നതും സർവീസ് മുടങ്ങിയതുമടക്കം എട്ടരലക്ഷം രൂപയുടെ നഷ്ടം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായി.
കൊട്ടാരക്കര മേഖലയിൽ ഉച്ചക്ക് ഒന്നേകാലോടെ വാളകം മേഴ്സി ഹോസ്പിറ്റലിനു മുന്നിൽവച്ച് തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കരയ്ക്കു വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റിനും ചടയമംഗലത്തു നിന്ന് കൊട്ടാരക്കരയ്ക്കു വരികയായിരുന്ന മറ്റൊരു ബസിനും നേർക്ക് കല്ലേറുണ്ടായി. യാത്രക്കാർക്ക് പരിക്കില്ല.
ശാസ്താംകോട്ട പഴയ കോടതി മുക്കിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസിനു നേരെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറിൽ മുൻവശത്തെ ഗ്ലാസ് പൂർണമായും തകരുകയും ഡ്രൈവർ തൊളിക്കൽ സ്വദേശി ഓമനക്കുട്ടന് പരിക്കേൽക്കുകയും ചെയ്തു.ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്
വവ്വാക്കാവ് ആനന്ദാ ജംഗ്ഷന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് അംഗ സംഘം പാലക്കാട്ടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിന് നേരെ കല്ലേറിഞ്ഞു. ഗ്ലാസ്സുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. കരുനാഗപ്പള്ളി ഡിപ്പോയിൽ ബസ് തിരികെ കൊണ്ടുവന്നശേഷം യാത്രക്കാരെ മറ്റ് ബസ്സുകളിൽ കയറ്റി വിട്ടു.
കൊല്ലം ഡിപ്പോയിലെ 96 ഷെഡ്യൂളുകളിൽ പത്ത് സ്റ്റേ സർവ്വീസ് സഹിതം 77 ബസുകൾ രാവിലെ നിരത്തിലിറങ്ങി. യാത്രക്കാർ വളരെ കുറവായതിനാൽ 20 സർവ്വീസുകൾ സിംഗിൾ ഡ്യൂട്ടിയിൽ അവസാനിപ്പിച്ചു.
പ്രധാന ജംഗ്ഷനുകളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. സ്കൂളുകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാത്രം നടന്നു. കൊല്ലം റെയിൽവേ സ്റ്റേഷൻ അടക്കം ചില കേന്ദ്രങ്ങളിൽ ഓട്ടോ റിക്ഷയും ടാക്സി കാറുകളും സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഒട്ടുമിക്ക സർക്കാർ ഓഫീസുകളും തുറന്നെങ്കിലും ഹാജർ വളരെ കുറവായിരുന്നു.