rivar
പുനലൂർ ടി.ബി.ജംഗ്ഷനിലെ കല്ലടയാറിന്റെ തീരത്തെ സ്നാനഘട്ടത്തോട് ചേർന്ന കുളിക്കടവിൽ അപകടങ്ങൾ ഒഴിവാക്കാൻ മുളകൾ ഉപയോഗിച്ച് കവചം തീർത്തിരിക്കുന്നു

പുനലൂർ: ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് കല്ലടയാറിന്റെ തീരത്ത് പണികഴിപ്പിച്ച സ്നാനഘട്ടത്തോട് ചേർന്ന കുളിക്കടവിലെത്തുന്ന അയ്യപ്പഭക്തർക്ക് മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തത് അപകട ഭീഷണിയാകുന്നു. ആഴമേറിയ ആറ്റ് തീരത്തെ കുളിക്കടവിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് അപകട മേഖല പ്രത്യേകം തിരിക്കുന്നതിന് പകരം, ആറ്റിൽ മുളകൾ ഉപയോഗിച്ച് അപകടം ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇവിടെയെത്തുന്ന അപരിചിതരായ തീർത്ഥാടകർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇവിടെ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മണ്ഡല, മകരവിളക്ക് സീസണിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇടത്താവളമായ പുനലൂർ വഴി ശബരിമല ദർശനത്തിന് പോകുന്നതും തിരികെ മടങ്ങുന്നതും. ഇത് കണക്കിലെടുത്ത് പുനലൂരിലെത്തുന്ന തീർത്ഥാടകർക്ക് കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

സ്നാനഘട്ടം പണിതത് 10 വർഷം മുമ്പ്

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇടത്താവളമായ പുനലൂർ വഴി ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ് പുനലൂർ ടി.ബി ജംഗ്ഷനിലെ കല്ലടയാറിന്റെ തീരത്ത് പത്ത് വർഷം മുമ്പ് സ്നാനഘട്ടവും കുളിക്കടവും സജ്ജമാക്കിയത്. ജില്ലാ ടൂറിസം വകുപ്പും നഗരസഭയും സംയുക്തമായാണ് ലക്ഷങ്ങൾ ചെലവഴിച്ച് സ്നാനഘട്ടവും അനുബന്ധ സ്ഥാപനങ്ങളും പണിതത്.

ക്വാന്റീനും ശൗചാലയവും

കുളിക്കടവിന് പുറമേ തീർത്ഥാകർക്ക് വിശ്രമിക്കാനും, വിരിവയ്ക്കാനും ഇവിടെ പ്രത്യേക കെട്ടിടം പണിതിരുന്നു. ഇത് കൂടാതെ സമീപത്ത് ക്വാന്റീനും ശൗചാലയവും പണിതെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്ത് കാരണം നിലവിൽ കാന്റീൻ അടച്ച് പൂട്ടേണ്ട അവസ്ഥയാണ്. സ്നാനഘട്ടത്തോട് ചേർന്ന അന്ന് പണിത ശൗചാലയങ്ങൾ കഴിഞ്ഞ ഒരു വർഷമായി പ്രവർത്തന രഹിതമാണ്. ഒരു മാസം മുമ്പ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കൂടാതെ തീർത്ഥാടകരുടെ വിശ്രമ കേന്ദ്രവും, ക്യാന്റീന്റെ കെട്ടിടവും പലപ്പോഴും സാമൂഹ്യവിരുദ്ധർ കൈയടക്കുകയാണെന്ന ആക്ഷേപവുമുണ്ട്.