അനുമതിക്ക് മുമ്പേ ടാങ്കർ കപ്പൽ കൊച്ചിക്ക് പുറപ്പെട്ടു
കൊല്ലം: ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം പോർട്ടിൽ താൽക്കാലിക എമിഗ്രേഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ശ്രീലങ്കയിൽ അറ്റകുറ്റപ്പണിക്ക് പോയ ടാങ്കർ കപ്പൽ കൊല്ലം പോർട്ടിൽ എത്തിച്ച് ഇന്ത്യൻ ഫ്ലാഗ് ആക്കാൻ സമർപ്പിച്ച അപേക്ഷയിലാണ് കേന്ദ്രാനുമതി. അനുമതി വൈകിയതിനാൽ ടാങ്കർ കപ്പൽ തിങ്കളാഴ്ച കൊച്ചി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിലപാട് കൊല്ലത്ത് യാത്രാ കപ്പലുകളടക്കം എത്തിക്കാനുള്ള നീക്കങ്ങൾക്ക് ഊർജ്ജം പകരും.
കൊല്ലം പോർട്ടിൽ സ്ഥിരം എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ കൊല്ലം പൊലീസ് കമ്മിഷണർക്ക് താൽക്കാലിക എമിഗ്രേഷൻ ചുമതല നൽകിയിരുന്നു. കപ്പൽ എത്തിക്കുന്ന ഏജന്റുമാർ ജോലിക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങൾ സഹിതം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകണം. അപേക്ഷ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കമ്മിഷണറെ ചുമതലപ്പെടുത്തുന്നതായിരുന്നു പതിവ്. എന്നാൽ മുനമ്പം മനുഷ്യക്കടത്ത് പുറത്ത് വന്നതോടെ കൊല്ലത്ത് കപ്പൽ അടുപ്പിക്കാനുള്ള എല്ലാ അപേക്ഷകളും തള്ളുകയായിരുന്നു. ഈ സ്ഥിതിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഷിപ്പിംഗ് ഏജന്റുമാരുമായി നടത്തിയ ചർച്ചയിൽ ഡിസംബർ അവസാനവാരം ഗുജറാത്തിൽ നിന്ന് ചരക്ക് കപ്പൽ എത്തിക്കാൻ ധാരണയായിട്ടുണ്ട്. ടാങ്കർ കപ്പലിന് എമിഗ്രേഷൻ അനുമതി ലഭിച്ചത് ചരക്ക് കപ്പൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് സഹായകരമാകും. ഗുജറാത്തിൽ നിന്നുള്ള ആദ്യ സർവീസ് വിജയകരമായാൽ സ്ഥിരമായി നടത്താനും ആലോചനയുണ്ട്.
എമിഗ്രേഷൻ പോയിന്റിനുള്ള
നീക്കത്തിനും സഹായകരം
താൽക്കാലിക എമിഗ്രേഷൻ സംവിധാനം വീണ്ടും അനുവദിച്ചത് സ്ഥിരം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനും സഹായകരമാകും. സ്ഥിരം ഗതാഗതം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള മാനദണ്ഡമാണ്. താൽക്കാലിക എമിഗ്രേഷൻ വ്യവസ്ഥ പ്രയോജനപ്പെടുത്തി കപ്പലുകളെത്തിയാൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂടുതൽ കാലതാമസം വരുത്തില്ല.