kunnathur
ശാസ്താംകോട്ട പഴയ കോടതി മുക്കിൽ കെ.എസ്.ആർ.ടി.സി ബസ് എറിഞ്ഞു തകർത്ത നിലയിൽ

കുന്നത്തൂർ : പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ കുന്നത്തൂർ താലൂക്കിൽ പൂർണവും സമാധാനപരവുമായിരുന്നു. ശാസ്താംകോട്ട പഴയ കോടതി മുക്കിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറ് നടന്നതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന ബസിനു നേരെ പകൽ പന്ത്രണ്ടോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറിൽ മുൻവശത്തെ ഗ്ലാസ് പൂർണമായും തകരുകയും ഡ്രൈവർ തൊളിക്കൽ സ്വദേശി ഓമനക്കുട്ടന് പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മൈനാഗപ്പള്ളി, ശാസ്താംകോട്ട,കാരാളിമുക്ക്, ഭരണിക്കാവ്,സിനിമാപറമ്പ്, ചക്കുവള്ളി,പോരുവഴി ശാസ്താംനട, പതാരം, ശൂരനാട്, ആനയടി എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ഹർത്താൽ ഭാഗികമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങളും ഒരിടത്തും തടഞ്ഞില്ല. സർക്കാർ സ്ഥാപനങ്ങളും ദേശസാൽകൃത ബാങ്ക് ശാഖകളും തുറന്നു പ്രവർത്തിച്ചെങ്കിലും പലയിടത്തും ഹാജർ നില കുറവായിരുന്നു. സ്കൂളുകളിൽ പരീക്ഷ നടക്കുന്നതിനാൽ പതിവുപോലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയിരുന്നു. എന്നാൽ സി.ബി.എസ്.ഇ സ്കൂളുകളിൽ മിക്കവയും പ്രവർത്തിച്ചില്ല. വൈകിട്ട് ഹർത്താൽ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രകടനം നടത്തി.