gs-jayalal
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ തലക്കുളം പാങ്ങാട് ചിറ ജി.എസ്. ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു

കൊല്ലം: ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഇനി ഞാൻ ഒഴുകട്ടെ' ജനകീയ പരിപാടിക്ക് പഴങ്ങാലം തോടിന്റെ ശുചീകരണത്തോടെ തുടക്കമായി. വിവിധ പ്രദേശങ്ങളിലെ ജലസ്രോതസുകളുടെ പുനരുജ്ജീവനത്തിലൂടെയാണ് പരിപാടി തുടരുന്നത്.
പൂതക്കുളം ഗ്രാമപഞ്ചായത്തിൽ മൂന്ന് കിലോമീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും ഒഴുകുന്ന തലക്കുളം പാങ്ങാട് ചിറയുടെ ശുചീകരണം ജി.എസ്. ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, വൈസ് പ്രസിഡന്റ് വി.ജി. ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ സജി പി. വർഗീസ്, ഹരിതകേരളം മിഷൻ റിസോഴ്‌​സ്‌ ​പേഴ്‌​സൺ വി. സുജാത, തുടങ്ങിയവർ സംസാരിച്ചു.
ഇരുപ്പൂ കൃഷി ചെയ്യുന്നതിനും ജലസമൃദ്ധി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് നിർമ്മിച്ച തലക്കുളം പാങ്ങാട്ചിറ ഏലാ തോടിലേക്ക് ജലമെത്തുന്നതിന് സഹായകമാകുന്ന പ്രവർത്തനമാണ് ഇവിടെ നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, ക്ലബുകൾ, കുടുംബശ്രീ തുടങ്ങിയവർ മഹാശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.