aa

പത്തനാപുരം: നടുക്കുന്ന് - കമുകുംചേരി റോഡിൽ നടുക്കുന്ന് ഭാഗത്ത് മുറിച്ചിട്ടിരിക്കുന്ന തടി കഷ്ണങ്ങൾ അപകട ഭീഷണിയാകുന്നു. താലൂക്ക് ഓഫീസ് പരിസരത്ത് അപകട ഭീഷണിയായി നിന്ന മരങ്ങൾ മുറിച്ചുമാറ്റാനായി നേരത്തേ കരാർ നല്കിയിരുന്നു. അതനുസരിച്ച് മുറിച്ച് മാറ്റിയ മരങ്ങൾ കഷ്ണങ്ങളാക്കി റോഡിന്റെ വശങ്ങളിൽ ഒരു മാസത്തിലധികമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ കൊടുംവളവും ഇടുങ്ങിയ റോഡുമായതിനാൽ അപകട സാദ്ധ്യത വളരെ കൂടുതലാണെന്ന് യാത്രക്കാർ പറയുന്നു. റോഡിന്റെ രണ്ട് വശത്തും തടി കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്ര പോലും ബുദ്ധിമുട്ടാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം ബസിന് സൈഡ് കൊടുക്കുന്നതിനിടെ ചെന്നിലമൺ കിഴക്കേതലയ്ക്കൽ കെ.കെ അലക്സാണ്ടർ എന്നയാൾ വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. തടി ഇവിടെ നിന്ന് മാറ്റാനായി നാട്ടുകാർ അധികൃതരെ പലതവണ സമീപിച്ചെങ്കിലും ഫലം കണ്ടില്ലന്ന ആക്ഷേപം ശക്തമാണ്.