പത്തനാപുരം: ഹർത്താലിന്റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ നാലു ബസുകളുടെ ഗ്ലാസ് തകർത്തു. ഇരുചക്ര വാഹനങ്ങളിൽ എത്തിയ സംഘമാണ് അക്രമം കാട്ടിയത്. തിരുവനന്തപുരം വിതുര ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് കുമാറിനും മൗണ്ട് താബോർ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജുമൈനയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും പത്തനാപുരം താലൂക്കാശുപത്രിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിയുന്ന കെ.എസ്.ആർ.ടി.സി ബസിനു നേർക്ക് പത്തനാപുരം മൂഴി ജംഗ്ഷന് സമീപം വച്ചാണ് കല്ലെറിഞ്ഞത്. ബസിന്റെ ചില്ലുകൾ തുളച്ചു കയറിയാണ് ഡ്രൈവർ പെരുമ്പാവൂർ കൂവപ്പടി സ്വദേശി സന്തോഷ് കുമാറിന്(49) പരിക്കേറ്റത്.
പരീക്ഷ എഴുതാനായി ബസിൽ വരുമ്പോഴാണ് പാടം താന്നിമൂട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൾ ജുമൈലയ്ക്ക് പരിക്കേറ്റത്. മാങ്കോട് ജംഗ്ഷന് സമീപം ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. വിദ്യാർത്ഥിനിയ്ക്ക് തലയ്ക്കു പരിക്കേറ്റു. പരീക്ഷ എഴുതാൻ സാധിച്ചില്ല.
വിളക്കുടി അമ്പലം ജംഗ്ഷന് സമീപം വച്ചാണ് പുനലൂരിലേക്ക് പോവുകയായിയുന്ന ബസിന് നേരെ കല്ലെറിഞ്ഞത്.കല്ലുംകടവിൽ ഓർഡിനറി ബസിന്റെ ഗ്ലാസുകളും തകർത്തു. മാങ്കോട് ബസിന് നേരെ കല്ലെറിഞ്ഞവരെ നാട്ടുകാർ തിരച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി സി.സി ക്യാമറ ദൃശ്യം ഉൾപ്പെടെ പരിശോധിച്ച് വരുന്നതായി പത്തനാപുരം സി.ഐ അൻവർ.എസ്.ഐമാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ എന്നിവർ പറഞ്ഞു. പത്തനാപുരം നഗരത്തിൽ പ്രകടനം നടത്തിയ നൂറോളം എസ്.ഡി.പി.ഐകാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.