കരുനാഗപ്പള്ളി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെൽഫയർ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ കരുനാഗപ്പള്ളിയിൽ ഭാഗികം. ഗ്രാമ പ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളെ ഹാർത്താൽ ബാധിച്ചില്ലെങ്കിലും ടൗണിലെ മിക്ക കടകളും അടഞ്ഞ് കിടന്നു. കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തി. പാലക്കാട്ടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിന് നേരെ വവ്വാക്കാവ് ആനന്ദാ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞു. ബസിന്റെ ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് ബസ് തിരികെ കരുനാഗപ്പള്ളി ഡിപ്പോയിൽ എത്തിച്ചശേഷം യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. ഓട്ടോറിക്ഷകളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങി. വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിച്ചു. സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ഹാജർ നിലകുറവായിരുന്നു. സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചു. പുതിയകാവിൽ നിന്നും കരുനാഗപ്പള്ളി ടൗണിലേക്ക് പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികളെ പുതിയകാവ് പള്ളിക്ക് സമീപം പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സമരക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതേ തുടർന്ന് ദേശീയപാതയിൽ കുറച്ച് നേരം ഗതാഗതം തടസപ്പെട്ടു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ട് വന്ന ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. എ.സി.പി വിദ്യാധരൻ, സി.ഐ മഞ്ജുലാൽ, എസ്.ഐ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.