കൊല്ലം: ബീച്ച് ഗെയിംസിന്റെ കേളികൊട്ടായി സംഘടിപ്പിച്ച പ്രദർശന വടംവലി മത്സരത്തിൽ ആവേശപ്പോരാട്ടം കാഴ്ച വച്ച് എം.എൽ.എ യുടെ ടീമും സ്പോർട്സ് കൗൺസിൽ ടീമും ഏറ്റുമുട്ടി. എം. നൗഷാദ് എം.എൽ.എയുടെ കൈക്കരുത്ത് ബീച്ചിലെത്തിയവരിൽ പ്രതീക്ഷ ഉണർത്തിയെങ്കിലും സ്പോർട്സ് കൗൺസിൽ പിടി മുറുക്കുകയായിരുന്നു. ആദ്യ ഉദ്യമത്തിൽ ഇഞ്ചോടിഞ്ച് പൊരുതിയ എം.എൽ.എയുടെ ടീമിനെ സ്പോർട്സ് ഓഫീസർ ബിജിലാലിന്റെ സംഘം വലിച്ചിട്ടു. രണ്ടാം ശ്രമത്തിലും കരുത്ത് തെളിയിച്ച സ്പോർട്സ് കൗൺസിൽ ടീം വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ബീച്ച് ഗെയിംസിലും ആവേശം തുടരട്ടെ എന്ന് സ്പോർട്സ്മാൻ സ്പിരിറ്റോടെ എം. നൗഷാദ് എം.എൽ.എ ടീമംഗങ്ങളെ ആശംസിച്ചു. തീരദേശ വികസന കോർപറേഷൻ എം.ഡി പി.ഐ. ഷെയ്ക് പരീതാണ് ടീമുകളെ പരിചയപ്പെടാനെത്തിയത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ എന്നിവർ വിജയികളെ അഭിനന്ദിച്ചു.