photo
പ്രകൃതി രമണീയമായ ആലുംകടവ് കായൽ

വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പളി: വിനോദ സഞ്ചാരികളുടെ പറുദീസയായിരുന്ന ആലുംകടവ് കേന്ദ്രീകരിച്ച് കായലോര ടൂറിസം വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വിശാലമായിക്കിടക്കുന്ന പള്ളിക്കലാർ, വട്ടക്കായൽ, ട്രാവൻകൂർ - ഷെർണൂർ കനാൽ എന്നിവയുടെ അനന്തമായ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഇതിനായി കരുനാഗപ്പള്ളി നഗരസഭ നൽകിയ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. കാൽ നൂറ്റാണ്ടിന് മുമ്പ് മുതൽ തന്നെ ധാരാളം ടൂറിസ്റ്റുകൾ ആലുംകടവിൽ എത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഡി.ടി.പി.സി ആലുംകടവിൽ വിനോദ സഞ്ചാരികൾക്കായി ഗ്രീൻചാനൽ നിർമ്മിച്ചത്. ആലുംകടവിന്റെ പ്രകൃതി രമണീയമായ ഭംഗി പൂർണമായും പ്രയോജനപ്പെടുത്താൻ വിനോദ സഞ്ചാര വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആലുംകടവിന്റെ അനന്തമായ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തിയാൽ നാടിന്റെ മുഖച്ഛായ തന്നെ മാറും.

ആലുംകടവ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രദേശത്തിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ നാളിതുവരെ മാറി മാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. കായലോര ടൂറിസത്തിന്റെ പ്രസക്തി ഏറി വരുന്ന കാലഘട്ടമാണിത്. ഇടക്കനാൽ ടൂറിസമാണ് വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയം. ഇതു മനസിലാക്കി ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാൻ ഡി.ടി.പി.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണം.

എസ്. രമണൻ, സെക്രട്ടറി, ആലുംകടവ് വികസന സമിതി

ഗ്രീൻ ചാനൽ

കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്ക് ടി.എസ് കനാലിലൂടെ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ് ആലുംകടവ്. കാൽ നൂറ്റാണ്ടിന് മുമ്പ് മുതൽ തന്നെ ആലുംകടവിൽ പ്രവർത്തനം ആരംഭിച്ച ഗ്രീൻ ചാനലാണ് ടൂറിസ്റ്റുകളുടെ പ്രധാന ഇടത്താവളം. ഇവിടെ ഇരുന്നാൽ വിനോദ സഞ്ചാരികൾക്ക് അറബിക്കടലിലെ സൂര്യാസ്തമനം മനോഹരമായി കാണാൻ സാധിക്കും.

ആലുംകടവിലൂടെ മലയോരത്തേയ്ക്ക്....

മലയോരത്തെ കാഴ്ച്ചകൾ കാണാനെത്തുന്ന സഞ്ചാരികൾ ആലുംകടവിൽ ബോട്ടിറങ്ങി കാർ മാർഗമാണ് ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് പോകുന്നത്. പള്ളിക്കൽ ആറ്റിലെ തേവർകാവ് ക്ഷേത്രം, കന്നേറ്റി ശ്രീനാരായണ ഗുരുദേവ പവലിയൻ, കൊതിമുക്ക് വട്ടക്കായൽ, കോഴിക്കോട് പുത്തൻചന്ത, ആലുംകടവ്, വള്ളിക്കാവ്, അമൃതപുരി, ആയിരംതെങ്ങ്, അഴീക്കൽ ഹാർബർ, അഴീക്കൽ ബീച്ച് എന്നിവയുമായി ബന്ധപ്പെടുത്തിയാൽ കായലോര ടൂറിസം നല്ല നിലയിൽ വികസിപ്പിക്കാൻ കഴിയുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.