മൺറോതുരുത്ത്: കൊല്ലം - എറണാകുളം റെയിൽപ്പാത നിലവിൽ വന്നപ്പോൾ സ്ഥാപിതമായതാണ് മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ. എന്നാൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും വികസിക്കാതെ ഇന്നും പഴയ അവസ്ഥയിൽ തുടരാനാണ് ഈ സ്റ്റേഷന്റെ വിധി.
മൺറോതുരുത്ത് റെയിൽവേ സ്റ്റേഷന് പിൽക്കാലത്ത് ആകെയുണ്ടായ മാറ്റം ഇവിടത്തെ പഴയ കുടുസുമുറിക്ക് പകരം ചെറിയ ഒരു വെയിറ്റിംഗ് ഷെഡ് നിർമ്മിക്കപ്പെട്ടു എന്നുള്ളത് മാത്രമാണ്. സംസ്ഥാനത്തെ മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ കാലാകാലങ്ങളിൽ നടപ്പിലായ യാതൊരു വികസനവും മൺറോതുരുത്ത് സ്റ്റേഷന്റെ പടികടന്നെത്തിയില്ല. സിഗ്നൽ സ്റ്റേഷനായി ഉയർത്തണമെന്ന നാട്ടുകാരുടെ നാളുകളായുള്ള ആവശ്യവും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
സ്റ്റോപ്പുള്ള ട്രെയിനുകൾ വളരെ കുറവ്
മൺറോത്തുരുത്ത്, പടിഞ്ഞാറേകല്ലട, പേരയം, കിഴക്കേകല്ലട, പവിത്രേശ്വരം തുടങ്ങി അഞ്ചോളം പഞ്ചായത്തിലെ നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ സ്റ്റോപ്പുകളുള്ള ട്രെയിനുകൾ എണ്ണത്തിൽ വളരെ തുച്ഛമാണ്.
ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പടെ എല്ലാ പാസഞ്ചറിനും മെമുവിനും നിലവിൽ ഇവിടെ സ്റ്റോപ്പുണ്ട്. മുമ്പ് മലബാർ എക്സ്പ്രസിന് സ്റ്റോപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിറുത്തലാക്കുകയായിരുന്നു. രണ്ട് പാലങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന സ്റ്റേഷനിൽ പതിനാറ് ബോഗികളിൽ കൂടുതലുള്ള ട്രെയിനുകൾ നിറുത്തിയാൽ ഏതെങ്കിലും ഒരു ബോഗി പാലത്തിലായിരിക്കും നിൽക്കുന്നത്. ഇത് അപകടം വരുത്തുമെന്ന കാരണത്താലാണ് മലബാർ എക്സ്പ്രസ് നിറുത്തലാക്കിയത്.
ഇക്കാരണത്താൽ തന്നെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും റെയിൽവേ അധികൃതർ നിരാകരിക്കുകയാണ്. ഇത് മൺറോതുരുത്തിന്റെ ടൂറിസം സാധ്യതകളെയുൾപ്പെടെ ബാധിക്കുകയാണ്.
ട്രാക്കിനെക്കാൾ താഴ്ന്ന പ്ളാറ്റ്ഫോം
ചതുപ്പ് പ്രദേശമായതിനാൽ ഭൂമി താഴുന്നതിനനുസരിച്ച് മെറ്റലുകൾ നിരത്തി ട്രാക്കുകൾ ഉയർത്തുന്നതാണ് ഇവിടത്തെ പതിവ്. ഇതുമൂലം ഇരട്ടപ്പാത നിലവിൽ വന്നപ്പോൾ നിർമ്മിച്ച പ്ളാറ്റ്ഫോമുകൾ താഴ്ന്ന് ട്രാക്കുകൾ ഉയരത്തിൽ സ്ഥിതി ചെയ്യുകയാണ്. ഇതോടെ അതിസാഹസികത കൈമുതലായവർക്ക് മാത്രം മൺറോതുരുത്തിലെത്തുന്ന ട്രെയിനുകളിൽ കയറാൻ കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. അംഗപരിമിതർക്കും വൃദ്ധജനങ്ങൾക്കും പരസഹായമില്ലാതെ ട്രെയിൻ കയറുക ബുദ്ധിമുട്ടായി മാറി.
പ്രദേശവാസികളുടെ ആവശ്യങ്ങൾ
സിഗ്നൽ സ്റ്റേഷനാക്കി മാറ്റണം
പ്ളാറ്റ്ഫോമുകളുടെ ഉയരം കൂട്ടണം
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം
നടപ്പാലം നിർമ്മിക്കണം
സ്റ്റേഷനിൽ രാത്രികാലങ്ങളിൽ ആവശ്യമായ വെളിച്ചം ക്രമീകരിക്കണം