കരുനാഗപ്പള്ളി: ശിവഗിരി മഹാ തീർത്ഥാടന പദയാത്രയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽ തുടക്കമായി. ഇന്നലെ വൈകിട്ട് 4 മണിക്ക് യൂണിയൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ഭക്തിനിർഭരമായ ചടങ്ങിൽ ശിവഗിരി മഠത്തിലെ സ്വാമി ബോധിതീർത്ഥ, യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, വനിതാ സംഘം സെക്രട്ടറി മധുകുമാരി എന്നിവരുടെ കൈകളിൽ കാപ്പ് കെട്ടി വ്രതാനുഷ്ഠാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് തീർത്ഥാടന പദയാത്രയിൽ പങ്കെടുക്കുന്ന ഭക്തരം സ്വാമി കാപ്പ് കെട്ടി അനുഗ്രഹിച്ചു. യൂണിയന്റെ പരിധിയിൽ വരുന്ന എല്ലാ ശാഖകളിൽ നിന്നും ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. 10 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ വേണം കാപ്പ് കെട്ടിയവർ പദയാത്രയിൽ പങ്കെടുക്കേണ്ടതെന്ന് സ്വാമി ബോധി തീർത്ഥ പറഞ്ഞു. പദയാത്രയുടെ ഉദ്ഘാടനം 24 ന് വൈകിട്ട് 4 മണിക്ക് യൂണിയൻ ആസ്ഥാനത്ത് നടക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പീത പതാക പദയാത്രാക്യാപ്ടൻ കെ. സുശീലന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ പദയാത്രയുടെ ഡയറക്ടർ എ. സോമരാദൻ ആമുഖ പ്രഭാഷണം നടത്തും. 28 ന് പുലർച്ചെ 5 മണിക്ക് പദയാത്ര യൂണിയൻ ഓഫീസിൽ നിന്ന് പ്രയാണം ആരംഭിക്കും.