അഞ്ചാലുംമൂട്: കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പലർക്കായി കാഴ്ചവച്ച കേസിൽ അന്വേഷണം വഴിമുട്ടുന്നു. ഉന്നതരുടെ ഇടപെടലുകളാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഇതുവരെ പിടിയിലായത് പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ യുവതികളുൾപ്പെടെ എട്ടുപേരാണ്. ഇവരിൽ മാത്രമായി കേസൊതുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കമെന്നറിയുന്നു. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പനയം സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ല. പെൺകുട്ടി യുവാവിനെതിരെ മൊഴി നൽകിയിട്ടില്ലാത്തതിനാൽ യുവാവിനെ വിട്ടയച്ചിരുന്നു. നിലവിലെ സൂചനകളനുസരിച്ച് ബാങ്കുദ്യോഗസ്ഥനടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കേസിൽ അറസ്റ്റിലായ പ്രതി തിരുവനന്തപുരം പള്ളിക്കൽ പടിഞ്ഞാറെപ്പാറയിൽ മിനി (33) അന്വേഷണവുമായി സഹകരിക്കുന്നില്ല. പലതവണ പെൺവാണിഭക്കേസിൽ മിനി പിടിയിലായിട്ടുണ്ട്. മുഖ്യ കണ്ണികളായ കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാർക്ക് ഉന്നതതലത്തിൽ സ്വാധീനമുണ്ടെന്നും അതാണ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. മിനിയുടെ ഇടപാടുകാരിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം ഉണ്ടെന്ന സൂചനയുണ്ട്. കൊട്ടിയത്തെ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും ഒട്ടേറെപ്പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പെൺകുട്ടിയെ കാഴ്ചവയ്ക്കുന്നതിന് അയ്യായിരം രൂപവരെ പ്രതിഫലമായി ഒന്നാം പ്രതിയും പെൺകുട്ടിയുടെ അടുത്ത ബന്ധുവുമായ ലിനറ്റ് വാങ്ങിയിരുന്നതായും കണ്ടെത്തിയിരുന്നു.