ടെണ്ടർ തുക അധികമായതിനാൽ പ്രത്യേക അനുമതി വേണം
അഞ്ചാലുംമൂട്: പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ ടെണ്ടർ കെ.വി. ജോസഫ് ആൻഡ് കമ്പനിക്ക് ലഭിച്ചെങ്കിലും കരാർ ഉറപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണം. ടെണ്ടർ തുക എസ്റ്റിമേറ്റിനെക്കാൾ 12.5 ശതമാനം ഉയർന്നതാണ് ഇത്തരത്തിൽ പ്രതിസന്ധി രൂപപ്പെടാൻ കാരണമായിരിക്കുന്നത്.
ചെറിയാൻ വർക്കി, കെ.വി. ജോസഫ് കൺസ്ട്രക്ഷൻ എന്നീ കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. കുറഞ്ഞ തുക രേഖപ്പെടുത്തിയ കെ.വി. ജോസഫിന് ടെണ്ടർ ലഭിച്ചു. കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ 10 ശതമാനം വരെ അധികമായിരുന്നെങ്കിൽ ടെണ്ടർ കമ്മിറ്റിക്ക് കരാർ ഉറപ്പിക്കാൻ അനുമതി നൽകാമായിരുന്നു. എന്നാൽ 2.5 ശതമാനം അധികമായതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ട സാഹചര്യമുണ്ട്.
എസ്റ്റിമേറ്റ് 36.47 കോടി രൂപ
ആവശ്യപ്പെട്ടത് 41.22 കോടി രൂപ
36.47 കോടി രൂപയാണ് പാലം നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ്. 41.22 കോടി രൂപയാണ് നിർമ്മാണത്തിനായി കെ.വി. ജോസഫ് കൺസ്ട്രക്ഷൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്നിലുള്ള പോംവഴി
കെ.വി.ജോസഫ് ആൻഡ് കമ്പനിയുമായി വിലപേശി ടെണ്ടർ തുക 2.5 ശതമാനം കൂടി താഴ്ത്തിയാൽ കരാർ ഉറപ്പിക്കാം. അല്ലെങ്കിൽ ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ട് പ്രത്യേക അനുമതി വാങ്ങണം.
9 വർഷം; നടപടികൾ ഇഴഞ്ഞിഴഞ്ഞ്
പെരുമൺ - പേഴുംതുരുത്ത് പാലം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ആരംഭിച്ചത് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്താണ്. തുടർന്ന് വന്ന യു.ഡി.എഫ് ഭരണകാലത്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതി കടലാസിലൊതുങ്ങി. പിന്നീട് ഇപ്പോഴത്തെ സർക്കാർ വീണ്ടും പദ്ധതിക്ക് അനുമതി നൽകുകയും സ്ഥലം ഏറ്റെടുക്കൽ നടപടികൾ നടത്തുകയും ചെയ്തു. എം. മുകേഷ് എം.എൽ.എയുടെ സജീവ ഇടപെടൽ പദ്ധതിയുടെ കരാർ നടപടികൾ വേഗത്തിലാക്കി.
കഴിഞ്ഞ വർഷം ആരംഭിച്ച ടെണ്ടർ നടപടികൾ പല പ്രശ്നങ്ങൾ മൂലം ഇതുവരെയും പൂർത്തിയായിരുന്നില്ല. എന്നാൽ ഇപ്പോൾ 12.5 ശതമാനം അധികരിച്ച തുക ടെണ്ടർ നൽകിയതിലൂടെ നടപടികൾ വീണ്ടും ഇഴയാനാണ് സാധ്യത.
ടെണ്ടർ ഉറപ്പിക്കുന്നതിന് വേണ്ടി കെ.വി. ജോസഫ് ആൻഡ് കമ്പനി പ്രതിനിധികളുമായും സർക്കാരുമായും ചർച്ച നടത്തും. നിലവിലെ രീതിയിൽ അധികരിച്ച തുക നൽകിയിട്ടുള്ളതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ പാലത്തിന്റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുകയും അനുമതി നേടിയെടുക്കുന്നതിന് സർക്കാരിൽ സമ്മർദ്ധം ചെലുത്തുകയും ചെയ്യും.
എം .മുകേഷ് എം.എൽ.എ
പാലത്തിന്റെ നീളം : 424 മീറ്റർ
വീതി : 11 മീറ്റർ
സ്പാനുകൾ: 11 മീറ്റർ
സ്പാനുകൾ തമ്മിലുള്ള അകലം: കായലിൽ 70 മീറ്റർ, കരയോട് ചേർന്നുള്ള ഭാഗത്ത് 30 മീറ്റർ
രൂപരേഖയിലെ പ്രത്യേകത: തൂണുകൾ തമ്മിൽ സൈലോൺ കേബിളുകൾ ഉപയോഗിച്ച് ബന്ധനം
തൂക്കുപാലത്തിന്റെ മാതൃക