ദേശീയപാതയിൽ രണ്ടര മണിക്കൂറോളം സ്തംഭിച്ചു
കൊല്ലം: ദേശീയപാതയിൽ നീണ്ടകരയിൽ ഇന്നലെ പുലർച്ചെ ലോറികൾ ഇടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. നീണ്ടകര പാലത്തിൽ ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.
കൊല്ലത്ത് നിന്നും തടി കയറ്റിവന്ന ലോറിയും എതിർദിശയിൽ നിന്നും അരി കയറ്റിവന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തടിലോറി മറിഞ്ഞ് തടി ദേശീപാതയിലാകെ ചിതറി. ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ചവറ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ടൈറ്റാനിയത്തിന് സമീപത്ത് നിന്നും കൊല്ലത്തേക്ക് വഴി തിരിച്ചുവിട്ടെങ്കിലും എതിർദിശയിൽ നിന്നുള്ള വാഹനങ്ങളുടെ നിര ദേശീയപാതയിൽ കിലോ മീറ്ററുകളോളം നീണ്ടു. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ക്രെയിനും ജെ.സി.ബിയും ഉപയോഗിച്ച് തടി നീക്കം ചെയ്തു. ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.
റോഡിന്റെ മധ്യരേഖ കടന്ന് വേഗത്തിൽ പാഞ്ഞുവന്ന മറ്റൊരു വാഹനത്തിൽ തട്ടാതിരിക്കാൻ തടിലോറി വെട്ടിത്തിരിക്കുന്നതിനിടയിലാണ് അരിലോറിയിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തടിലോറിയിലെ ഡ്രൈവർക്കും ക്ളീനർക്കും അരിലോറിയിലെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് ഒടിവ് പറ്റി. മറ്റ് പരിക്കുകൾ നിസാരമാണ്. പരിക്കേറ്റവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.