kanayi-kunjuraman
പാരിപ്പള്ളി സംസ്കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രൊഫഷണൽ നാടകമത്സര വിജയികൾക്ക് ശില്പി കാനായി കുഞ്ഞിരാമൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നു

ചാത്തന്നൂർ: കല മനസ്സിലെയും പ്രകൃതിയിലെയും മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുമെന്ന് പ്രശസ്ത ശില്പി

കാനായി കുഞ്ഞിരാമൻ പറഞ്ഞു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല. കുട്ടികൾ പ്രകൃതിയിൽ നിന്നാണ് പഠനം ആരംഭിക്കേണ്ടത്. ക്ഷേത്രങ്ങളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ശില്പകലയെ പുറത്തേക്ക് കൊണ്ടുവരാനാണ് 50 വർഷം മുമ്പ് മലമ്പുഴയിൽ വനദേവതയായ യക്ഷിയെ താൻ സ്ഥാപിച്ചത്. ധാരാളം എതിർപ്പുകൾ ഉണ്ടായി.ദേഹോപദ്രവം വരെ ഏൽപ്പിച്ചു. 50 വർഷങ്ങൾക്ക് ശേഷം കേരള സർക്കാരും കേരള ലളിതകലാ അക്കാദമിയും യക്ഷിയുടെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ ജനം എനിക്ക് വൻ വരവേൽപ്പ് നൽകി ഞാൻ മാറിയിട്ടില്ല. പക്ഷേ, ജനങ്ങളുടെ മനസ്സ് മാറി, മലമ്പുഴയിൽ യക്ഷിയെ സ്ഥാപിക്കുമ്പോൾ അവിടെ മാലിന്യകൂമ്പാരമായിരുന്നു ഇന്ന് അവിടെ ടൂറിസ്റ്റ് കേന്ദ്രമാണ്. പാരിപ്പള്ളി സംസ്കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രൊഫഷണൽ നാടകമത്സര വിജയികൾക്ക് പുരസ്കാര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കാനായി, ദിലീപ് സൗപർണ്ണിക, അശോക് സൗപർണ്ണിക, ശശി സൗപർണിക, സുബൈർഖാൻ (കാച്ചിറ സരിഗ), ഉണ്ണി ദിവ്യ തിരുവനന്തപുരം ആരാധന), ബിന്ദു പള്ളിച്ചൽ, സരസൻ (തിരുവനന്തപുരം സ്വദേശാഭിമാനി, കോട്ടയം രാജു (ചങ്ങനാശ്ശേരി അണിയറ) എന്നിവർ കാനായിയിൽ നിന്നും പുരസ്കാരങ്ങൾ സ്വീകരിച്ചു.

തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറിയും കാഥികനുമായ പ്രൊഫ, അയിലം ഉണ്ണികൃഷ്ണനും, നാടകനടനും സംവിധായകനുമായ വക്കം ഷക്കീമും പുരസ്കാര ജേതാക്കളെ അനുമോദിച്ചു. ചികിത്സാ സഹായവും പഠന സഹായവും വിതരണം ചെയ്തു.കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സംഘാടകസമിതി ചെയർമാനുമായ വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്കാര സെക്രട്ടറി കെ. പ്രവീൺകുമാർ സ്വാഗതവും പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു. ആലുവ പ്രഭാത് തീയറ്റേഴ്സ് അഴിമുഖം എന്ന നാടകം അവതരിപ്പിച്ചു.