കൊല്ലം: കളി കത്തിക്കയറുമെന്ന സൂചന ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി തൊടുത്തുവിട്ട ആദ്യ സെർവിൽ തന്നെ ഉണ്ടായിരുന്നു. പിന്നാലെ മണലിൽചാടി മറിഞ്ഞ് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പന്ത് തിരികെ നെറ്റ് കടത്തുമ്പോൾ കാണികൾ ആവേശ തിരമാലകളായി മാറി. 21ന് ആരംഭിക്കുന്ന ബീച്ച് ഗെയിംസിന്റെ പ്രചരണാർത്ഥം ബിഷപ്പിന്റെയും കളക്ടറുടെയും ടീമുകൾ തമ്മിൽ നടന്ന വോളിബാൾ സൗഹൃദ മത്സരം തുടർന്നങ്ങോട്ട് ഒരു പ്രൊഫഷണൽ മത്സരത്തിന്റെ നിലവാരം പുലർത്തി.
കിടിലൻ സ്മാഷുകളും കലക്കൻ ബ്ലോക്കുകളും ഒന്നൊഴിയാതെ വന്ന ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടി 23നെതിരെ 25 പോയിന്റിന് കളക്ടറുടെ ടീം വിജയം നേടി. ബിഷപ്പ് ടീം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രണ്ടാം സെറ്റിലും ജയം കളക്ടറുടെ സംഘത്തിന് തന്നെയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് ഡോ. രാമഭദ്രൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.