health

മനുഷ്യൻ ഒരു സാമൂഹ്യജീവിയായതിനാൽ മറ്റുള്ളവരുമായി ആശയവിനിമയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരം സാഹചര്യത്തിൽ വായ്‌നാറ്റം ഒരു പ്രധാന പ്രശ്നമായി മാറാറുണ്ട്. വായ്‌നാറ്റം ഉള്ള വ്യക്തികളിൽ ആത്മവിശ്വാസക്കുറവ്,​ സംസാരിക്കാൻ വിമുഖത പ്രകടിപ്പിക്കുക,​ സഭാകമ്പം തുടങ്ങി പല വൈഷമ്യങ്ങളും ഇത്തരക്കാർ നേരിടാറുണ്ട്.

കാരണങ്ങൾ

 പല്ല് വൃത്തിയായി സൂക്ഷിക്കുന്നതിൽ അലസത കാണിക്കുന്നവരിലാണ് വായ്‌നാറ്റം കൂടുതലായി കണ്ടുവരുന്നത്. കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിലുള്ള വിടുകളിലും മറ്റും അടിഞ്ഞുകൂടുകയും അത് നീക്കം ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ ബാക്ടീരിയ പോലുള്ള അണുക്കൾ അളവിൽ അധികമായി പെരുകാൻ കാരണമാകും. ഈ അണുക്കൾ മോണരോഗങ്ങൾക്ക് വഴിതെളിക്കുകയും മോണപഴുപ്പും മോണവീക്കത്തിനും കാരണമാവുകയും ചെയ്യും.

 പല്ലുകളിലെ പോടുകളാണ് മറ്റൊരു പ്രധാനകാരണം. പോടുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇരുന്ന് അഴുകി ദുർഗന്ധം ഉണ്ടാകാൻ ഇടയാക്കുന്നു.

 കൃത്യമായി ശുചിയാക്കാത്ത പല്ലുകളിൽ അഴുക്കുകൾ അടിഞ്ഞുകൂടി അത് കാൽകുലസ് ആയി മാറുന്നു.

 മദ്യപാനം, പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഇവ വായ്നാറ്റം ഉണ്ടാക്കുക മാത്രമല്ല, നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കും.

 വായിൽ ഉമിനീരിന്റെ ഉത്പാദനം ആവശ്യത്തിന് ഇല്ലാത്ത അവസ്ഥയാണ് ഡ്രൈമൗത്ത് എന്ന് പറയുന്നത്. വായ് വൃത്തിയാക്കുന്നതിൽ ഉമിനീർ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. അനിയന്ത്രിതമായി പ്രമേഹം ഉള്ളവരിലാണ് ഡ്രൈമൗത്ത് സാധാരണയായി കണ്ടുവരാറുള്ളത്. മറ്റ് പല രോഗങ്ങൾക്കും ഉമിനീർ ഉത്പാദനത്തിൽ വ്യതിയാനം കണ്ടുവരാറുണ്ട്.

 വായിൽ ഫംഗൽ അഥവാ പൂപ്പൽ ബാധ ഉള്ളവർക്കും വായ്‌നാറ്റം വരാം.

 ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തവർക്കും ഗാസ്ട്രയ്റ്റിസ് ഉള്ളവർക്കും വായ്നാറ്റം കണ്ടുവരാറുണ്ട്.

ചില ഭക്ഷണപദാർത്ഥങ്ങൾ അതായത് ഉള്ളി,​ സവാള,​ ഇറച്ചി ഇവ ചിലരിൽ വായ്നാറ്റം ഉണ്ടാക്കാറുണ്ട്. വായ്നാറ്റം ഒഴിവാക്കാൻ ഇവയുടെ ഉപയോഗം കുറയ്ക്കാവുന്നതാണ്.

ചികിത്സാരീതികൾ

 എല്ലാ ദിവസവും കുറഞ്ഞത് രണ്ട് നേരമെങ്കിലും ബ്രഷ് ചെയ്യുക.

 ബ്രഷും ടൂത്ത് പേസ്റ്റും മാത്രം ഉപയോഗിച്ച് പല്ല് തേയ്ക്കുക. ദിവസവും ഒരുനേരമെങ്കിലും ഫ്ളോസ് ഉപയോഗിച്ച് പല്ലുകളുടെ ഇട വൃത്തിയാക്കുക.

 ആറുമാസം കൂടുമ്പോൾ ഒരു ദന്തഡോക്ടറുടെ സഹായത്തോടെ പല്ലുകൾ ക്ളീൻ ചെയ്യുക.

 ഭക്ഷണം കഴിച്ച ഉടനെ വായ് വൃത്തിയായി കഴുകുക.

 മൗത്ത് വാഷ് ഒരു ദന്തഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുക.

 പൂപ്പൽ ബാധയുണ്ടെങ്കിൽ ദന്തഡോക്ടറെ സമീപിച്ച് ചികിത്സ നടത്തുക.

 പല്ലുകളിലെ പോടുകൾ അടപ്പിക്കുക.

 ഡ്രൈമൗത്തിന്റെ പ്രശ്നം ഉള്ളവർക്ക് ഷുഗർഫ്രീ ച്യൂയിംഗം ലഭ്യമാണ്. ഇത് ഉപയോഗിക്കാം.

 ആറ് മാസം കൂടുമ്പോൾ ഒരു ദന്തഡോക്ടറെ സമീപിച്ച് വിശദമായ പരിശോധന നടത്തുക.

ഡോ.ബി​​​​​​​ൻ​​​​​​​സി​​​​​​​ ​​​​​​​അ​​​​​​​ഫ്സൽ
ജൂ​​​​​​​നി​​​​​​​യ​​​​​​​ർ​​​​​​​ ​​​​​​​റ​​​​​​​സി​​​​​​​ഡ​​​​​​​ന്റ്
ച​​​​​​​ല​​​​​​​ഞ്ച​​​​​​​ർ​​​​​​​ ​​​​​​​ലേ​​​​​​​സർ
സ്പെ​​​​​​​ഷ്യാ​​​​​​​ലി​​​​​​​റ്റി​​​​​​​ ​​​​​​​ഡെ​​​​​​​ന്റ​​​​​​​ൽ​​​​​​​ ​​​​​​​ക്ളി​​​​​​​നി​​​​​​​ക്
ക​​​​​​​രു​​​​​​​നാ​​​​​​​ഗ​​​​​​​പ്പ​​​​​​​ള്ളി
ഫോ​​​​​​​ൺ​​​​​​​:​​​​​​​ 8547346615