photo
ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ലാലാജി ഗ്രന്ഥശാലയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിൽ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ആഘോഷത്തിന്റെ ഭാഗമായി സെമിനാർ, നവവത്സരരാവ്, കലാപരിപാടികൾ, എഴുത്ത് മത്സരങ്ങൾ, മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കൽ, പ്രതിഭകളെ അനുമോദിക്കൽ, പുരസ്കാര വിതരണം, വിജയാരവം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ, എം.പിമാർ,എം.എൽ.എമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണ യോഗം ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി. വിജയകുമാർ പരിപാടികൾ വിശദീകരിച്ചു. വി.പി. ജയപ്രകാശ് മേനോൻ, നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ, പ്ലാവേലിൽ എസ്. രാമകൃഷ്ണപിള്ള, പി.കെ. ഗോപാലകൃഷ്ണൻ, കോടിയാട്ട് രാമചന്ദ്രൻപിള്ള, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് വെട്ടുകാട്ട് സ്വാഗതവും എ. സജീവ് നന്ദിയും പറഞ്ഞു. പി.ബി. ശിവൻ (ചെയർമാൻ) വി. വിജയകുമാർ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.