എഴുകോൺ: കുണ്ടും കുഴിയും നിറഞ്ഞ് മെറ്റലുകൾ ഇളകിയ എഴുകോൺ മുകണ്ടം - കുമാർ ബാങ്ക് റോഡ് യാത്രക്കാരെ വലയ്ക്കുന്നു. പോച്ചംകോണം മുകണ്ടം ജംഗ്ഷൻ മുതൽ കുമാർ ബാങ്ക് വരെയുള്ള റോഡിന്റെ തുടക്കം മുതൽ അവസാനം വരെ കുഴികൾ മാത്രമാണ്. ഇതാണ് ഇതുവഴി സഞ്ചരിക്കുന്നവരുടെ നടുവൊടിക്കുന്നത്. വർഷങ്ങളായി റോഡിന്റെ അവസ്ഥ ഇതുതന്നെയായിട്ടും നടപടി ഇനിയും അകലെയാണ്.
നാളുകൾക്ക് മുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ ടാറിംഗ് നടത്തിയിരുന്നെങ്കിലും ഒരു മഴക്കാലത്തിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴക്കാലം കഴിഞ്ഞതോടെ വീണ്ടും പഴയ അവസ്ഥയായി.
മെറ്റലുകൾ ഇളകി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പൈപ്പുപൊട്ടലും പാര
ജലവിതരണ പൈപ്പ് അടിക്കടി പൊട്ടുന്നതും റോഡ് പൂർണമായും തകരാൻ കാരണമാണ്. മാസങ്ങൾക്ക് മുമ്പ് പൈപ്പ് മാറ്റി സ്ഥാപിച്ചെങ്കിലും റോഡിന്റെ നവീകരണം മാത്രം ഉണ്ടായില്ല. വേനൽക്കാലത്ത് പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. റോഡിന് ഇരുവശത്തായി താമസിക്കുന്നവർക്ക് മുഖം പൊത്താതെ പുറത്തിറങ്ങാനും സാധിക്കാറില്ല. വഴിയുടെ ദുരവസ്ഥകാരണം സ്ഥലത്തേക്ക് ഓട്ടോറിക്ഷകൾ പോലും കടന്നുവരാറില്ല. ഇത് യാത്രാക്ളേശവും രൂക്ഷമാകുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
മഴക്കാലമായാൽ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡ് കുളമാകും. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ അടക്കം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്കൂൾ ബസുകൾ അടക്കം ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് നന്നാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണം
നാട്ടുകാർ