കൊട്ടാരക്കര : കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള മുട്ടറ ഗ്രാമത്തിലെ മരുതിമലയിൽ ഇക്കോ ടൂറിസം പദ്ധതി പൂവണിയുന്നു. പുലികൾ പാർത്തിരുന്ന പുലിച്ചാണുകൾ, കരിങ്കൽപ്പാറയിൽ രൂപം കൊണ്ട ശുദ്ധജലക്കിണർ, കൂറ്റൻ ആനപ്പാറകൾ, ഔഷധച്ചെടികൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ. അടിവാരത്ത് നിന്ന് ഏകദേശം 1600 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മരുതിമലയിൽ 38 ഏക്കറോളം സ്ഥലം ഇക്കോ ടൂറിസത്തിനായി വർഷങ്ങൾക്കു മുമ്പേ മാറ്റിയിട്ടിരുന്നു. പദ്ധതിപ്രകാരമുള്ള നിർമ്മാണപ്രവർത്തനങ്ങൾ അന്നേ തുടങ്ങിയെങ്കിലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി വെളിയം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാലിന്റെ അദ്ധ്യക്ഷതയിൽ മരുതിമലയിൽ കൂടിയ പൊതുസമ്മേളനം പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ഫോറസ്റ്റ് അധികൃതർ, അഗ്നിശമനസേനാ ഉദ്യോഗസ്ഥർ, പൂയപ്പള്ളി പൊലീസ് ഓഫീസേഴ്സ്, തെന്മല ഇക്കോ ടൂറിസം ഉദ്യോഗസ്ഥർ, മരുതിമല സംരക്ഷസമിതി ഭാരവാഹികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിൽ ജനുവരിയിൽ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്താനും തീരുമാനമായി.
ചവിട്ടുപടികളുടെ നിർമ്മാണവും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കലും പഞ്ചായത്ത് ഫണ്ടിൽ
നിന്ന് പണം കണ്ടെത്തി പൂർത്തീകരിക്കും. ടൂറിസം വകുപ്പിനെ സമീപിച്ച് മറ്റുള്ള ചെലവുകൾക്ക് സഹായം തേടും. തൊഴിലുറപ്പ് പദ്ധതിയിലൂടെ പച്ചത്തുരുത്തിന്റെ ഭാഗമായി 2000 വൃക്ഷത്തൈകൾ
വച്ചുപിടിപ്പിക്കും. ടൂറിസ്റ്റുകൾക്കാവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കും.
ഷൈലാ സലിംലാൽ, പ്രസിഡന്റ്, വെളിയം ഗ്രാമ പഞ്ചായത്ത്
ഇവിടെ ടൂറിസ്റ്റുകളുടെ സംരക്ഷണത്തിനായി സെക്യൂരിറ്റി സംവിധാനം മെച്ചപ്പെടുത്തണം. സി.സി.ടി.വി കാമറയും മിന്നൽരക്ഷാ ചാലകവും ഇവിടെ അത്യാവശ്യമാണ്. 38 ഏക്കർ വസ്തുവിന്റെ അതിരുകൾ ക്രമപ്പെടുത്തണം. കാട്ടുതീ ഒഴിവാക്കാനുള്ള സംവിധാനവും ഒന്നാം ഘട്ട ഉദ്ഘാടനത്തിനു മുമ്പ് സജ്ജമാക്കണം.
ദിലീപ്കുന്നത്ത്, കൺവീനർ, മരുതിമല സംരക്ഷണ സമിതി
അടിവാരത്ത് നിന്ന് ഏകദേശം 1600 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മരുതിമലയിൽ 38 ഏക്കറോളം സ്ഥലം ഇക്കോടൂറിസത്തിനായി വർഷങ്ങൾക്കു മുമ്പേ മാറ്റിയിട്ടിരുന്നു.