കൊല്ലം:ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പുനലൂർ റെയിൽവേ സ്റ്റേഷനിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിനും ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യമൊരുക്കുന്നതിനും വേണ്ടി പുനലൂർ-ചെങ്കോട്ട വഴി കോയമ്പത്തൂർ-കൊല്ലം സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടു. ശബരിമലയുമായി ചരിത്രപരമായും ആചാരപരമായും ബന്ധപ്പെട്ടു കിടക്കുന്ന അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ അയ്യപ്പക്ഷേത്രങ്ങളിൽ ദർശനം നടത്തുവാൻ ധാരാളം തീർത്ഥാടകർ എത്തുന്നുണ്ട്. മടങ്ങിപ്പോകാൻ താംബരം എക്സ് പ്രസ് മാത്രമാണ് ആശ്രയം. ദിവസങ്ങൾ പുനലൂരിൽ തങ്ങിയശേഷമാണ് മടക്കയാത്ര സാധ്യമാകുന്നത്. ശബരിമലയുമായി ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ പുനലൂരാണ്. ഇവിടെ മണ്ഡലകാല മകരവിളക്ക് ദിവസങ്ങളിൽ തീർത്ഥാടകരുടെ ബാഹുല്യം വർദ്ധിക്കും. പുനലൂർ റെയിൽവേ സ്റ്റേഷന്റെ സവിശേഷത കണക്കിലെടുത്ത് പുനലൂർ-ചെങ്കോട്ട വഴി കോയമ്പത്തൂർ നിന്നും കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.