sndp

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് ശിവഗിരി തീർത്ഥാടന പദയാത്ര 29ന് രാവിലെ 6.30ന് യൂണിയൻ ആസ്ഥാനത്ത് നിന്ന് പ്രയാണം ആരംഭിക്കും. യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളിൽ നിന്ന് പീതാംബരധാരികളായ 250 ഓളം ശ്രീനാരായണീയർ പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതത്തോടെയാകും പദയാത്രയിൽ പങ്കെടുക്കുക.

അടുക്കളമൂല, കരവാളൂർ, അഗസ്ത്യക്കോട്, അഞ്ചൽ, പനച്ചിവിള, ആയൂർ, ചടയമംഗലം, പോരേടം, പള്ളിക്കൽ, കാട്ടുപുതുശേരി, കല്ലമ്പലം വഴി 30ന് വൈകിട്ട് 6ന് പദയാത്ര ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിൽ സമാപിക്കും. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശനാണ് പദയാത്രയുടെ ക്യാപ്ടൻ. പദയാത്രയ്ക്ക് മുന്നോടിയായി നാളെ രാവിലെ 10ന് യൂണിയൻ ഓഡിറ്റോറിയത്തിൽ ചേരുന്ന ഭക്തി നിർഭരമായ ചടങ്ങിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പദയാത്രികർക്ക് പീതാംബ ദീക്ഷ നൽകും.

യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു എന്നിവർക്ക് പുറമെ യൂണിയൻ കൗൺസിലർമാർ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർസേന, പ്രാർത്ഥന സമിതി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.