road
മുതിരപ്പപറമ്പിൽ പാർശ്വ ഭിത്തിയുടെ നിർമ്മാണം നിർത്തിവെച്ച നിലയിൽ

പടിഞ്ഞാറെകല്ലട: പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കടപുഴ -വളഞ്ഞവരമ്പ്-കാരാളിമുക്ക് റോഡിന്റെ നവീകരണം ഇഴയുന്നു. റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന കാലപ്പഴക്കംചെന്ന കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതാണ് തിരിച്ചടിയാകുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഏകദേശം 9 കിലോമീറ്റർ വരുന്ന റോഡിന്റെ നവീകരണം നടത്തുന്നത്. ഇത് നീളുന്നതോടെ യാത്രക്കാർ കടുത്ത അമർഷത്തിലാണ്.

റോഡിന്റെ 6 കിലോമീറ്റർ ഭാഗം കല്ലടയാറിന് സമാന്തരമായാണ് പോകുന്നത്. ഇവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ റോഡിന്റെ ഇരുവശവും പാർശ്വഭിത്തി നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ജെ.സി.ബി ഉപയോഗിച്ച് കുഴി എടുക്കുമ്പോൾ പൈപ്പ് ലൈനുകൾ പൊട്ടുന്നുണ്ട്. ഇതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകുന്നു.

പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി എസ്റ്റിമേറ്റ് തയ്യാറാക്കിയരുന്നു. എന്നാൽ തുടർനടപടികൾ ഇതോടെ അവസാനിച്ചു. എത്രയും വേഗം പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിത് സ്ഥാപിക്കണമെന്നും മുടങ്ങിക്കിടക്കുന്ന റോഡ് നവീകരണം എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പൈപ്പുകളുടെ പഴക്കം 40 വർഷത്തിലധികം

കുടിവെള്ള വിതരണത്തിനായി 40 വർഷത്തിലധികം പഴക്കം ചെന്ന പൈപ്പുകളാണ് റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ശാസ്താംകോട്ട തടാകം നിന്നുമുള്ള ജലമാണ് വർഷങ്ങളായി ഇതിലൂടെ ലഭിച്ചുകൊണ്ടിരുന്നത്. ഇത് മാലിന്യം കലർന്നതാണ് എന്നതായിരുന്നു ജനങ്ങളുടെ പരാതി. നിരന്തര സമരങ്ങളുടെയും പത്ര വാർത്തകളേയും ഈ ജലത്തിന്റെ വിതരണം നിറുത്തി പകരം കുഴൽക്കിണർ വഴിയുള്ള ജലമാണ് ഇപ്പോൾ ലഭിക്കുന്നത്. നിലവിലെ പൈപ്പ് ലൈനിൽ വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും അഴുക്കും ഈ ജലവും മലിനമാകുന്നതായാണ് ഉയരുന്ന പരാതി.