photo
സുരേഷ്

കെ. എസ്. ആർ. ടി. സി കണ്ടക്ടർ അറസ്റ്റിൽ

കൊട്ടാരക്കര: മൊബൈൽ മോഷണം ആരോപിച്ച് ഒൻപതാം ക്ളാസ് വിദ്യാർത്ഥിയെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചശേഷം പഞ്ചസാര ലായനി കുടിപ്പിച്ചു. പ്രതിയായ കെ. എസ്. ആർ. ടി. സി കണ്ടക്ടർ നെല്ലിക്കുന്നം തുറവൂർ വിലയന്തൂർ വേങ്ങാവിള വീട്ടിൽ സുരേഷിനെ (42) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റു രണ്ടു പ്രതികൾ ഒളിവിലാണ്.

17ന് വൈകിട്ട് 5 മണിയോടെയാണ് സംഘം ബലമായി വിദ്യാർത്ഥിയെ പിടികൂടിയത്. സുരേഷിന്റെ വീട്ടിലെത്തിച്ച് മുറിയിൽ അടച്ചശേഷം മർദ്ദിക്കുകയും പഞ്ചസാര കലക്കിയ വെള്ളം കുടിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാണ് കുട്ടിയെ തുറന്നുവിട്ടത്. പരീക്ഷാദിവസമായതിനാൽ കുട്ടി സ്കൂളിലെത്തിയെങ്കിലും പരീക്ഷയെഴുതാൻ കഴിയാതെ അവശനായി. വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കൾ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ അറിയിച്ച പ്രകാരം കൊട്ടാരക്കര പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊലപാതക ശ്രമം, ബാലപീഡനം എന്നീ കുറ്റങ്ങൾക്കാണ് കേസ്. അയൽവാസികളാണ് പ്രതിയും കുട്ടിയും. വീട്ടിൽ സുരക്ഷിത സാഹചര്യങ്ങളില്ലാത്തതിനാലാണ് തലേ ദിവസം കുട്ടി വീട്ടിലെത്താഞ്ഞിട്ടും രക്ഷിതാക്കൾ പരാതിയുമായി എത്താഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. സുരേഷിന്റെ വീട്ടിൽ നിന്നും കുട്ടി മൊബൈൽ മോഷ്ടിച്ചെന്നാണ് ആരോപിക്കുന്നത്.