കൊല്ലം: നാലു വയസുകാരന്റെ മനസ്സിൽ കുടിയേറിയിരിക്കുന്ന കാറുകൾ കുറച്ചൊന്നുമല്ല. ലോകത്തെ ഏതിനം കാറായാലും അതിന്റെ ലോഗോ ഒന്നു കണ്ടാൽ മതി, ഏതാണെന്ന് ഞൊടിയിടയിൽ പറയും.
വേദിയിൽ ചാർട്ടിലെ ലോഗോ മാത്രം നോക്കി നാല്പത്തിയെട്ട് ബ്രാൻഡ് കാറുകളുടെ പേര് നാല്പത്തിയാറ് മിനിട്ടുകൊണ്ട് പറഞ്ഞ പ്രതിഭയാണ് വിനായകൻ.
വീട്ടിൽ ഒരു ചെറുകാർ പോലുമില്ലെങ്കിലും പ്രവാസിയായ അച്ഛൻ ശരത്ചന്ദ്രനും അമ്മ നിഷയും വിനായകന്റെ കാർ ഭ്രമത്തെ നിരുത്സാഹപ്പെടുത്തിയില്ല. മറ്റു കുട്ടികൾ മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളിൽ കൗതുകം കണ്ടെത്തുന്ന പ്രായത്തിൽ വാഹനങ്ങളുടെ ചിത്രങ്ങളിലും അവയുടെ ലോഗോകളിലുമായിരുന്നു വിനായകന് കമ്പം. രണ്ട് വയസുള്ളപ്പോൾ മുതൽ മാതാപിതാക്കളോട് കാറുകളെ കുറിച്ച് ചോദിച്ചു തുടങ്ങിയതാണ്.
എൺപത് ആഡംബര കാറുകളും അവയുടെ ലോഗോയും വിനായകന് ഇപ്പോൾ സുപരിചിതമാണ്.