എഴുകോൺ: മരണത്തിലും അഞ്ചു പേർക്ക് പുതുജീവൻ നൽകി ഗോപിക യാത്രയായി. വാഹന അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച മുട്ടറ പൊടിയമ്മ സദനത്തിൽ പ്രേംസിയുടെ മകളും എഴുകോൺ പുതുശ്ശേരിക്കോണം ശ്യാം വിലാസത്തിൽ ശരത്തിന്റെ ഭാര്യയുമായ ഗോപികയുടെ (21) അവയവങ്ങളാണ് ദാനം ചെയ്തത്. ഈ മാസം 13ന് രാത്രി 9ന് എഴുകോൺ കല്ലുംപുറം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ചീരങ്കാവിൽ നിന്നു എഴുകോണിലേക്ക് വരികയായിരുന്ന ശരത്തും ഗോപികയും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനെ തുടർന്ന് ഗോപികയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്നാണ് ഗോപികയുടെ രണ്ടു വൃക്കകളും കരളും കണ്ണുകളുടെ കോർണിയകളും ബന്ധുക്കളുടെ അനുവാദത്തോടെ അഞ്ചുപേർക്കായി ദാനം ചെയ്തത്. ഇവ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ അവയവങ്ങൾക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ അനുയോജ്യരായവർക്ക് നൽകി. 2018 ഡിസംബർ 24നായിരുന്നു ഗോപികയും ശരത്തും തമ്മിലുള്ള വിവാഹം. മാതാവ് സുജാത.സംസ്ക്കാരം ഇന്ന് മുട്ടറയിലെ വീട്ടുവളപ്പിൽ നടക്കും. ഗുരുതരമായി പരിക്കേറ്റ ശരത്ത് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.