ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രതിഷേധ പ്രകടനങ്ങളിൽ സംഘർഷം
കൊല്ലം: പൗരത്വബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം നഗരത്തിൽ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം
ഉച്ചയ്ക്ക് രണ്ടരയോടെ പോളയത്തോട് എൻ.എസ്. സ്മാരക മന്ദിരത്തിൽ നിന്ന് പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസുമായി ഉന്തും തള്ളുമായി. ബാരിക്കേഡുകൾ തകർത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാത്ത നൂറോളം എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ സെക്രട്ടറി ആദർശ് എം.സജി, പ്രസിഡന്റ് നസ്മൽ, സംസ്ഥാന കമ്മിറ്റി അംഗം ജെ. ജയേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി അനന്തു.പി, ഫാറൂഖ് പൈസൽഷ, ആർ. ഗോപീകൃഷ്ണൻ, പ്രേംചന്ദ്, അമീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.
വൈകിട്ട് മൂന്നരയോടെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ഡി.വൈ.എഫ്.ഐക്കാർ ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചു. മുക്കാൽ മണിക്കൂർ നീണ്ട ഉപരോധ സമരത്തിനൊടുവിൽ പൊലീസ് 60 ഓളം പ്രവർത്തകരെ അറസ്റ്റ്ചെയ്തു നീക്കി. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. സുധീർ, കൊല്ലം ബ്ലോക്ക് സെക്രട്ടറി നാസിമുദ്ദീൻ, പ്രസിഡന്റ് മനുദാസ്, അഞ്ചാലുംമൂട് ബ്ലോക്ക് സെക്രട്ടറി അനിൽ, കണ്ണൻ, മാളവിക, സനോഫർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.