കൊല്ലം: മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ സവർണ ഇന്ത്യയാക്കി മാറ്റുന്നതിന്റെ ആദ്യപടിയാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ചിന്നക്കട ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്കെതിരെ കനത്ത വെല്ലുവിളിയാണ് സംഘപരിവാർ ശക്തികൾ ഉയർത്തുന്നത്. രാജ്യത്തിന്റെ അവസ്ഥ ഓർത്ത് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ കനത്ത മാനസിക സംഘർഷത്തിലാണ്. അധർമ്മത്തിനെതിരായ കടമ നിർവഹിക്കുകയാണ് ഇടതുപക്ഷം. പൗരത്വനിയമഭേദഗതി പിൻവലിക്കുംവരെ നിലയ്ക്കാത്ത സമരമാകും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. എൻ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ എം.എൽ.എ, സി.പി.ഐ നേതാക്കളായ ജെ ചിഞ്ചുറാണി, ജി. ലാലു, പി.എസ്. സുപാൽ, ആർ. രാജേന്ദ്രൻ, ആർ. ലതാദേവി, സി.പി.എം നേതാക്കളായ കെ. വരദരാജൻ, എം. നൗഷാദ് എം.എൽ.എ, പി. രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, വൈസ് പ്രസിഡന്റ് എസ് വേണുഗോപാൽ, കെ. ജഗദമ്മടീച്ചർ, ഘടകകക്ഷി നേതാക്കളായ കെ. എൻ. മോഹൻലാൽ, കമറുദ്ദീൻ മുസലിയാർ, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.