riot

 കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനും രണ്ട് പൊലീസുകാർക്കും പരിക്ക്

 30 വരെ കോളേജിന് അവധി

കൊല്ലം: നീണ്ട ഇടവേളയ്ക്ക് ശേഷം കൊല്ലം എസ്.എൻ കോളേജിൽ ഇന്നലെ ഇരുവിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത് സംഘർഷത്തിൽ കലാശിച്ചു. ഇതോടെ കോളേജിൽ വിദ്യാർത്ഥികൾ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്മസ് ആഘോഷവും അലങ്കോലപ്പെട്ടു.

പുറത്ത് നിന്നെത്തിയ അക്രമികളും വിദ്യാർത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത്, എ.ആർ ക്യാമ്പിലെ പൊലീസുകാരായ സുധീർ, ഗോപകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കെ.എസ്.യു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് അഭിജിത്തിന് മർദ്ദനമേൽക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. സംഘർഷം നിയന്ത്രിക്കാൻ കോളേജിലെത്തിയ പൊലീസുമായും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. ഇതിനിടെയാണ് പൊലീസുകാർക്കും പരിക്കേറ്റത്. അക്രമികളെ പുറത്താക്കിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽക്കൂട്, സാന്താക്ളോസ് മത്സരങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതും അലങ്കോലപ്പെട്ടു. സംഘർഷത്തെ തുടർന്ന് കോളേജിന് അവധി നൽകി. ഇനി 30ന് മാത്രമേ കോളേജ് തുറക്കുകയുള്ളു. അക്രമസംഭവവുമായി ബന്ധപ്പെട്ടും പൊലീസിനെ ആക്രമിച്ചതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.