c
മുളങ്കാടകം ദേവീക്ഷേത്ര തീർത്ഥാടനവും പഞ്ചവേദസദ്മവും 23 മുതൽ

കൊല്ലം: ശ്രീവിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് പഞ്ചവേദസദ്മവും തീർത്ഥാടനവും 23 മുതൽ 27 വരെ നടക്കുമെന്ന് ക്ഷേത്ര തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

23ന് രാവിലെ 6.30ന് ഗണപതി ഹോമത്തിലൂടെ പഞ്ചമഹായാഗത്തിന് തുടക്കം കുറിക്കും. വൈകിട്ട് 5ന് നടക്കുന്ന തീർത്ഥാടന മഹാസമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.വിജയബാബു അദ്ധ്യക്ഷത വഹിക്കും. ആസ്ഥാന മന്ദിര നിർമ്മാണ ധനശേഖരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കൊല്ലം മേയർ ഹണി ബഞ്ചമിൻ മുഖ്യപ്രഭാഷണവും വിശ്വകീർത്തി പുരസ്കാരദാനവും നിർവഹിക്കും. 24ന് വൈകിട്ട് 5ന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം ബോധേന്ദ്രതീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് അഞ്ചു മണിക്ക് തൊഴിൽ കാർഷിക സമ്മേളനവും 26ന് അഥർവ്വവേദ പ്രഭാഷണവും ഉണ്ടായിരിക്കും. 27 ന് വൈകിട്ട് 5 മണിക്ക് ശാസ്ത്രസമ്മേളനവും സമാപന സമീക്ഷയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ജി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്യും. ആറ്രൂർ ശരച്ചന്ദ്രൻ, പി.വിജയബാബു, ആശ്രാമം സുനിൽകുമാർ, എൽ.പ്രകാശ്, ടി.പി.ശശാങ്കൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.