adhithya

കൊല്ലം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) ബോട്ടുകളിൽ ഏറെ പ്രധാനപ്പെട്ട 'ആദിത്യ' വീണ്ടും ലേലത്തിലേക്ക്.യാത്രായോഗ്യമല്ലാതായതിനാൽ മൂന്നു വർഷമായി ആശ്രാമം അഡ്വഞ്ചർ പാർക്കിന് സമീപം കായലിലെ തെങ്ങിൻ തൂണുകളിൽ കെട്ടിയിട്ടിരിക്കുകയാണ്.

അറുപതോളം യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കൊല്ലത്തെ ഏക ഉല്ലാസ ബോട്ടാണ് കായലിൽ മുങ്ങികൊണ്ടിരിക്കുന്നത്. ലക്ഷങ്ങൾ വിലവരുന്ന ബോട്ട് നവീകരിക്കാനാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു. അറ്റക്കുറ്രപണികൾ നടത്തിയാൽ അത് പാഴ്ചെലവാകും. ബോട്ട് ഡി.ടി.പി.സിക്ക് നഷ്ടം വരാത്തവിധം ലേലം ചെയ്യാനാണ് തീരുമാനം.

പോർട്ട് മെക്കാനിക്കൽ എൻജിനീയർ നടത്തിയ മൂല്യനിർണയത്തിന് ശേഷം പല തവണ ലേലം വിളിച്ചെങ്കിലും ആ തുകയ്ക്ക് വാങ്ങാൻ ആരും വന്നില്ല. തുക കുറച്ച് ലേലം വിളിക്കാനാണ് ഡി.ടി.പി.സി തീരുമാനം. 97ലാണ് ഈ ബോട്ട് സർവീസ് തുടങ്ങിയത്. അവധികാല ഉല്ലാസം ലക്ഷ്യമിട്ട് പല പദ്ധതികളും ഡി.ടി.പി.സി കൊണ്ടുവരുമ്പോഴും ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് ആദിത്യ എന്ന് പരാതി ഉയർന്നിരുന്നു. കായലിൽ ഉല്ലാസത്തിനായി ഉപയോഗിച്ചിരുന്ന സ്പീഡ് ബോട്ടിന്റെയും പെഡൽ ബോട്ടുകളുടെയും സ്ഥിതി ശോചനീയമാണെന്ന പരാതികളും ഉയരുന്നുണ്ട്.