ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയാക്കി
പുനലൂർ: നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂരിലെ റെയിൽവേ അടിപ്പാതയുടെ നിർമ്മാണം യാഥാർത്ഥ്യമാകുന്നു. പുനലൂർ മാർക്കറ്റ് - പേപ്പർമിൽ റോഡിന് സമാന്തരമായി നാല് വർഷം മുമ്പ് റെയിൽവേ ഗേജ്മാറ്റത്തിന്റെ ഭാഗമായി പണിത അടിപ്പാതയിലൂടെ കടന്ന് പോകുന്ന റോഡിൽ ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായി. അടിപ്പാതയുടെ ഉൾ ഭാഗത്ത് ഇന്റർ ലോക്ക് കട്ടകൾ പാകിയ ശേഷം മറ്റ് രണ്ട് ഭാഗങ്ങളിലുമുള്ള റോഡാണ് ടാർ ചെയ്തത്.
റെയിൽവേ പണിത അടിപ്പാതയിലെ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും സത്യാഗ്രഹം അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റെയിൽവേ ഗേജ്മാറ്റത്തിന്റെ ഭാഗമായി നാല് വർഷം മുമ്പാണ് പുനലൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് റെയിൽവേ അടിപ്പാത പണിതത്. അടിപ്പാതയുടെ കീഴിലൂടെ പുതിയ റോഡ് പണിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും 3.67 കോടി രൂപയുടെ ഫണ്ട് രണ്ട് വർഷം മുമ്പ് സർക്കാർ അനുവദിച്ചിരുന്നു. തുടർന്ന് റോഡ് പുറമ്പോക്കിൽ വ്യാപാരം നടത്തുന്നവരെ ഒഴിപ്പിച്ചെങ്കിലും ഭൂ ഉടമകൾ സ്ഥലം വിട്ടു നൽകാൻ വിസമ്മതിച്ചു. ഇതാണ് അടിപ്പാതയുടെ കീഴിലൂടെ കടന്ന് പോകുന്ന റോഡ് പണി അനന്തമായി നീണ്ട് പോകാൻ കാരണം. തുടർന്ന് മന്ത്രി കെ. രാജു, ജില്ലാ കളക്ടർ അടക്കമുള്ളവർ ഭൂ ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ഉടമകളുടെ ഭൂമിക്ക് കൂടുതൽ തുക ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇത്കാരണം ഒന്നര വർഷത്തോളം റോഡ് പണികൾ നടത്താൻ കഴിയാതെ വന്നു. പിന്നീട് ഭൂമിക്ക് നൽകേണ്ട തുക റവന്യൂ വകുപ്പ് കോടതിയിൽ കെട്ടി വച്ചശേഷം സ്ഥലം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് എട്ട് മാസം മുമ്പ് ആരംഭിച്ച റോഡ് പണികളാണ് ഇപ്പോൾ അന്തിമഘത്തിലെത്തിയത്.
ഇനി ലെവൽക്രോസിൽ കുടുങ്ങില്ല
ടാറിംഗ് പൂർത്തിയായതോടെ നിലവിലെ പുനലൂർ മാർക്കറ്റ്-പേപ്പർ മിൽ റോഡിൽ റെയിൽവേ സ്ഥാപിച്ച ലെവൽക്രോസിൽ എത്താതെ അടിപ്പാതയിലൂടെ രണ്ട് ഭാഗങ്ങളിലേക്കും വാഹനങ്ങൾക്ക് തടസം കൂടാതെ കടന്ന് പോകാം. അടിപ്പാതയിലൂടെ കടന്ന് പോകുന്ന റോഡ് ഗതാഗത യോഗ്യമാക്കി മാറ്റാതിരുന്നതിനെ തുടർന്ന് പുനലൂർ പേപ്പർമിൽ, കാര്യറ ഭാഗങ്ങളിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ലെവൽക്രോസിൽ കുടുങ്ങിക്കിടന്നിരുന്നു. ഇത്കാരകണം ടൗണിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവായിരുന്നു. കൊല്ലത്ത് നിന്നും ചെങ്കോട്ടയിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ കടന്ന് പോകുമ്പോഴാണ് ലെവൽക്രോസ് അടച്ചിടുന്നത്.
4 വർഷം മുമ്പാണ് പുനലൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് റെയിൽവേ അടിപ്പാത പണിതത്
3.67 കോടി രൂപയുടെ ഫണ്ട് 2 വർഷം മുമ്പാണ് സർക്കാർ അനുവദിച്ചത്
അടിപ്പാതയിലെ ഒാട
അടിപ്പാതയിൽ പണിത ഓടയിലൂടെ മഴവെള്ളം ഒഴുകി പോകാത്ത അവസ്ഥയാണ്. അടിപ്പാതയിലെ റോഡിന്റെ രണ്ട് ഭാഗങ്ങളും ഉയർന്ന് കിടക്കുന്നത് കാരണം മഴ വെള്ളത്തിനൊപ്പം എത്തുന്ന ചെളിയും മറ്റും താഴ്ന്ന് കിടക്കുന്ന റോഡിന്റെ മദ്ധ്യഭാഗത്ത് കെട്ടിനിൽക്കും. ഇത് കാൽ നടയാത്രക്കാർക്ക് പുറമേ വാഹനങ്ങൾക്കും ബുദ്ധിമുട്ടാണ്. ഇത് കണക്കിലെടുത്ത് മഴ സമയത്ത് റോഡിന്റെ രണ്ട് ഭാഗത്ത് നിന്നും വെള്ളം കടന്ന് വരാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.