തൊടിയൂർ: മെറ്റൽ ഇളകി വാഹന ഗതാഗതം ബുദ്ധിമുട്ടിലായ ചാമ്പക്കടവ്- മാരാരിത്തോട്ടം റോഡിലെ മിടുക്കൻ മുക്ക് റെയിൽവേ ലെവൽ ക്രോസിൽ ഇന്റർലോക്ക് കട്ടകൾ പാകി. മാസങ്ങളായി ഇതുവഴിയുള്ള വാഹനയാത്ര ദുഃസഹമായിരുന്നു. ചിതറി കിടക്കുന്ന മെറ്റലും ഉയർന്നു നിൽക്കുന്ന റെയിലും റോഡ് യാത്രക്കാർക്ക് ഭീഷണിയാകുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 10ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പാളത്തിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിയുന്നത് പതിവായിരുന്നു. മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്ക് വശത്തെ ലെവൽ ക്രോസും മെറ്റൽ ഇളകി ഗതാഗത്തിന് ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്. ഇവിടം ഇപ്പോഴും അതേപടി കിടക്കുകയാണ്. എത്രയും വേഗം ഇവിടെയും കോൺക്രീറ്റ് കട്ടകൾ പാകി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.