c

കൊല്ലം: ആര്യങ്കാവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ അയ്യപ്പന്മാരിൽ നിന്നടക്കം'പടി' വാങ്ങുന്ന പതിവ് തുടരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൊലീസ് വിജിലൻസ് ടീം ചെക്ക് പോസ്റ്റിലെത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്ന് അയ്യപ്പ ഭക്തരുമായി വരുന്ന വാഹന ഡ്രൈവർമാരിൽ നിന്നും ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവർമാരിൽ നിന്നും പടി വാങ്ങുന്നതായി കണ്ടെത്തി. വാഹനത്തിന്റെ രേഖകൾക്കൊപ്പം 'പടി' യായി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകിയ 7,650 രൂപ കണ്ടെടുത്തു. അയ്യപ്പന്മാരിൽ നിന്നും ചരക്ക് വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പടിവാങ്ങി വാഹനങ്ങൾ കടത്തി വിടുന്നത് അയ്യപ്പന്മാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം ഈമാസം നാലിന് പിടികൂടിയിരുന്നു. 16,960 രൂപയാണ് അന്ന് കണ്ടെടുത്തത്. അതിന്റെ തുടർച്ചയായാണ് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. വിജിലൻസ് ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് കെ.അശോകകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വി. ആർ. രവികുമാർ, പുനലൂർ സ്റ്റേറ്റ് ജി. എസ്. റ്റി. ഡിപ്പാർട്ട്‌മെന്റിലെ ടാക്‌സ് ഓഫീസർ ജോസ് പ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, സുജിത് എന്നിവരടങ്ങിയ സംഘമാണ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്.

വിജിലൻസ് കണ്ടെത്തിയത്

വ്യാഴം രാത്രി 11ന് വിജിലൻസ് പരിശോധന തുടങ്ങിയപ്പോൾ അതുവരെ ആർ.ടി.ഒ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 75 വാഹനങ്ങളിൽ ഏഴു വാഹനങ്ങളിൽ നിന്നുമാത്രം സെസ് പിരിച്ചതായി കണ്ടെത്തി. എന്നാൽ വിജിലൻസ് ടീമിന്റെ സാന്നിദ്ധ്യത്തിൽ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനയിൽ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 50 വാഹനങ്ങളിൽ 36 വാഹനങ്ങളിൽ നിന്നും സെസ് പരിച്ചെടുത്തു. വാഹനങ്ങൾ പരിശോധിക്കാതെ പടി വാങ്ങി വാഹനങ്ങൾ കടത്തി വിടുന്നതിനാലാണ് വിജിലൻസ് എത്തുന്നതിനുമുമ്പ് വെറും ഏഴു വാഹനങ്ങളിൽ നിന്ന് മാത്രം സെസ് പിരിച്ചതെന്ന് വിജിലൻസ് ഡിവൈ.എസ്. പി. അശോകകുമാർ അറിയിച്ചു. പരിശോധനാ സമയം ഡ്യുട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ്തല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് ഡിവൈ. എസ്. പി. അറിയിച്ചു.