poli
തെന്മല ഡാം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ച തെന്മല പൊലീസ് സ്റ്റേഷൻ

പുനലൂർ: തെന്മല ജംഗ്ഷനിൽ തകർച്ച ഭീഷണി നേരിട്ടിരുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ ഡാം ജംഗ്ഷനിലെ കെ.ഐ.പിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക് മാറ്റിസ്ഥാപിച്ചു. ഇന്നലെ പുലർച്ചെ 6.30ന് ഔദ്യോഗിക ചടങ്ങുകൾ ഒന്നും ഇല്ലാതെയാണ് സ്റ്റേഷൻ മാറ്റിസ്ഥാപിച്ചത്. റൂറൽ എസ്.പി ഹരിശങ്കർ, സി.ഐ മണികണഠൻ എന്നിവർ സന്നിഹിതരായിരുന്നു.

തെന്മല ജംഗ്ഷനിലെ നിലവിലെ കെട്ടിടത്തിൽ നിന്ന് സ്റ്റേഷൻ മാറ്റുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ആവശ്യത്തിന് വാഹന സൗകര്യമോ മൊബൈൽ ഫോൺ കവറേജോ ഇല്ലാത്ത തെന്മല ഡാം ജംഗ്ഷനിലേക്ക് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നത് ഇവിടെ പരാതികളുമായി എത്തുന്ന സ്ത്രീകൾ അടക്കമുളളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

തെന്മല തടി ഡിപ്പോയോട് ചേർന്ന പുതിയ സ്റ്റേഷൻ മന്ദിരം പണിയാൻ വനം വകുപ്പ് 95 സെന്റ് ഭൂമി അളന്ന് കല്ല് സ്ഥാപിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. എന്നാൽ തുടർനടപടികൾ നീണ്ടുപോകുകയാണ്. ഇതുകാരണം ഓട് മേഞ്ഞ് ചോർന്നൊലിക്കുന്ന കെട്ടിടത്തിലായിരുന്നു സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇതുകാരണം ഏറെ ബുദ്ധിമുട്ടാണ് പൊലീസുകാർ നേരിട്ടിരുന്നത്. വനിതാ പൊലീസുകാർ അടക്കം 28 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന സ്റ്റേഷൻ കെട്ടിടത്തിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുളള സൗകര്യം പോലും ഇല്ലായിരുന്നു. ഇത് കണക്കിലെടുത്താണ് ഡാം ജംഗ്ഷനിലെ കെ.ഐ.പിയുടെ നിയന്ത്രണത്തിലുളള ബംഗ്ലാവിലേക്ക് പൊലീസ് സ്റ്റേഷൻ താൽക്കാലികമായി മാറ്റിസ്ഥാപിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.