koikal
കോയിക്കൽ പാലം ആരംഭിക്കുന്നിടത്ത് കൈവരിയില്ലാത്ത സ്ഥലം

 പാലത്തിനോട് ചേർന്ന് കൈവരിയില്ലാത്തത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു

 തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല

കൊല്ലം: കോൺക്രീറ്റ് പാളികൾ തകർന്ന് തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് കിളികൊല്ലൂർ കോയിക്കൽ പാലം. പാലം കടക്കുന്നിടത്തും അവസാനിക്കുന്നിടത്തും കൈവരിയില്ലാത്തതാണ് ഇവിടത്തെ അപകടങ്ങൾ വർദ്ധിക്കാൻ കാരണം. പാലത്തിന്റെ വശങ്ങളിൽ മാത്രമാണ് കല്ലുകെട്ടിയ കൈവരിയുള്ളത്. റോഡിന്റെ വശത്ത് കൂടി സഞ്ചരിക്കാറുള്ള ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപടത്തിൽപ്പെടുന്നത്. രണ്ടാഴ്ച മുൻപ് പാലക്കാട് സ്വദേശിയായ മിൽമ ഉദ്യോഗസ്ഥൻ കുണ്ടറയിൽ നിന്ന് കൊല്ലത്തേക്ക് വരുന്നവഴി മറ്റൊരു ഇരുചക്ര വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തോട്ടിലേക്ക് വീണ് സാരമായി പരിക്കേറ്റിരുന്നു. പാലത്തിന്റെ കൈവരി ഇരുവശങ്ങളിലേക്കും നീട്ടി നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള അവശ്യത്തിന് മുന്നിൽ അധികൃതർ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം.

 പാലത്തിന്റെ പുനർ നിർമ്മാണം വൈകുന്നു

പാലം ദുർബലാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം അറ്റകുറ്റപ്പണിക്ക് അനുമതി തേടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പക്ഷെ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

അശ്രദ്ധമായി കടന്നുവരുന്ന വാഹനങ്ങൾ പതിനഞ്ച് അടിയോളം താഴ്ചയുള്ള കിളികൊല്ലൂർ തോട്ടിലേക്ക് പതിക്കും.

കോയിക്കൽ പാലം

ആയിരക്കണക്കിന് വാഹനങ്ങളും നൂറുകണക്കിന് കാൽനടയാത്രക്കാരും കടന്നുപോകുന്ന കൊല്ലം- ചെങ്കോട്ട റോഡിലാണ് കോയിക്കൽ പാലം. ഇരുവശങ്ങളിൽ നിന്നുമുള്ള റോഡ് വീതി കുറഞ്ഞാണ് പാലത്തിലേക്ക് കടക്കുന്നത്. അശ്രദ്ധമായി യികടന്നുവരുന്ന വാഹനങ്ങൾ പതിനഞ്ച് അടിയോളം താഴ്ചയുള്ള കിളികൊല്ലൂർ തോട്ടിലേക്ക് പതിക്കും.


തെരുവ് വിളക്കുകൾ ഇല്ല

രാത്രിസമയത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. ഈ ഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് മാത്രമല്ല പാലത്തിനോട് ചേർന്നുള്ള ഭാഗത്ത് കാടുകയറി കിടക്കുകയുമാണ്. തോടിന്റെ പാർശ്വഭിത്തികളിൽ പിടിച്ചുകിടക്കുന്ന വള്ളിച്ചെടികളിൽ കുരുങ്ങുന്നതിനാലാണ് ഇരുചക്രവാഹനങ്ങൾ തോട്ടിൽ പതിക്കാതെ രക്ഷപ്പെടുന്നത്.