c
എഴുകോണിൽ സ്വാമി സച്ചിതാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനം

കൊട്ടാരക്കര: ശ്രീനാരായണ ദർശനത്തിന്റെ ആഴവും പരപ്പും പകർന്ന് നൽകുന്ന ദിവ്യപ്രബോധനവും ധ്യാനവും എഴുകോണിന് ഭക്തിനിർഭരമായ നവ്യാനുഭവമായി. പഞ്ചശുദ്ധിയും പഞ്ചകർമ്മവും പരിപാലിച്ച് വ്രതശുദ്ധിയോടെ എത്തിയ ഭക്തജനങ്ങൾക്ക് മനസ്സിൽ ആനന്ദം പകരുകയാണ് യജ്ഞം. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ മണ്ണിൽ നടക്കുന്ന യജ്ഞത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ആചാര്യമുഖത്ത് നിന്നും ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. ഗുരുദേവ തൃപ്പാദങ്ങളുടെ ഈശ്വരീയ ഭാവങ്ങൾ പകർന്നു നൽകുന്നതാണ് ദിവ്യപ്രബോധനമെന്ന് ആദ്യ രണ്ട് ദിനങ്ങളിലായി ഭക്തമനസ്സുകൾക്ക് ബോദ്ധ്യമായി. ആത്മീയമായ അടിത്തറയും ധ്യാനാത്മകമായ കുടുംബജീവിതവും വാർത്തെടുക്കാൻ ഈ മഹായജ്ഞം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും എഴുകോൺ, കാരുവേലിൽ കുമാരമംഗലം, 829 കാരുവേലിൽ, കാരുവേലിൽ ശിവമംഗലം, അമ്പലത്തുംകാല, ഇടയ്ക്കോട്, ചൊവ്വള്ളൂർ, കാക്കക്കോട്ടൂർ ശാഖകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരി മഠത്തിലെ സ്വാമി സച്ചിതാനന്ദയുടെ മുഖ്യകാർമ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. യജ്ഞത്തിന് നാളെ സമാപനമാകും.

ഉച്ചയ്ക്ക് ശേഷം 3ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ധ്യാന സന്ദേശവുമുണ്ടാകും.

യജ്ഞശാലയിൽ ഇന്ന്

രാവിലെ 9ന് ദിവ്യജ്യോതിസ് ദർശനം, 10.30ന് ഗുരുദേവന്റെ സാക്ഷാത്കാരാവസ്ഥ എന്ന വിഷയത്തിൽ ദിവ്യപ്രബോധനം, ഉച്ചയ്ക്ക് 1ന് ഗുരുപൂജ, പ്രസാദവൂട്ട്, 2ന് ഗുരുവിന്റെ ശിഷ്യ പരമ്പരകൾ എന്ന വിഷയത്തിൽ ദിവ്യപ്രബോധനം.