കൊട്ടാരക്കര: കൊട്ടാരക്കര പുലമണിൽ ലോഹ മേൽപ്പാലമല്ലത്തിന് പകരം കോൺക്രീറ്റ് പാലം വരുന്നു. പാലത്തിന്റെ അന്തിമ രൂപരേഖ പൂർത്തിയായതായി പി. ഐഷാപോറ്റി എം.എൽ.എ അറിയിച്ചു. എം.എൽ.എയും നഗരസഭ അധികൃതരും ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പാലം വിഭാഗമാണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്. 750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള പാലത്തിന് ഒരുകിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡും ഉണ്ടാകും.
തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിൽ 2.5 മീറ്റർ വീതിയിലും അടൂർ ഭാഗത്തേക്ക് 1.5 മീറ്റർ വീതിയിലും നടപ്പാതകൾ ക്രമീകരിച്ചിട്ടുണ്ട്. 30 മീറ്റർ അകലത്തിൽ 25 തൂണുകൾ ഉൾക്കൊള്ളുന്ന കോൺക്രീറ്റ് പാലമാണ് നിർമ്മിക്കുക. 55 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. ഇതിൽ നാല് കോടി രൂപ ടോക്കൺ അഡ്വാൻസ് ആയി അനുവദിച്ചിട്ടുണ്ട്. സ്വകാര്യ ഭൂമി ഏറ്റെടുക്കാതെയും സ്ഥാപനങ്ങൾക്ക് നഷ്ടം വരുത്താതെയും പാലം നിർമ്മിക്കാമെന്നാണ് അന്തിമ രൂപരേഖയിൽ വ്യക്തമായിട്ടുള്ളത്. ഇനി ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിക്കും. അധികം വൈകാതെ തുടർ നടപടി കൈക്കൊണ്ട് പാലം യാഥാർത്ഥ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു. ഭൂഗർഭ അറകളിൽ വൈദ്യുത കേബിളുകളും ജല അതോറിറ്റിയുടെ പൈപ്പുകളും മാറ്റി സ്ഥാപിക്കും. ഇതിന് പ്രത്യേക ഭൂഗർഭ അറകളൊരുക്കും. പാലത്തിൽ ആവശ്യമായ വഴിവിളക്കുകളും സ്ഥാപിക്കും.
ഗതാഗതക്കുരുക്ക് ഒഴിയും
പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത കുരുക്കൊഴിവാകും എം.സി റോഡും ദേശീയ പാതയും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിൽ മേൽപ്പാലം വരുന്നത് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. എപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണിവിടം. കാൽനട യാത്രികർക്കും ഇത് അനുഗ്രഹമാകും.