കൊല്ലം: ക്രിസ്മസ്-പുതുവത്സര ദിവസങ്ങളിൽ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനും റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനും പരിശോധന കർശനമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു.
ആഘോഷ വേളയിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. ഉത്സവകാലത്ത് ഭക്ഷണശാലകളിൽ കർശന പരിശോധന നടത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. അളവുകളും തൂക്കങ്ങളും വിലയിരുത്താൻ വകുപ്പുതല പരിശോധന ശക്തിപ്പെടുത്തണം. സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ പൂഴ്ത്തിവയ്പ്പ് ഉൾപ്പടെ വിലക്കയറ്റത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങൾ തടയണം. ന്യായവിലയ്ക്ക് സാധനങ്ങൾ നൽകാൻ താലൂക്കുതല സംവിധാനം ഒരുക്കുന്നത് പരിശോധിക്കാൻ ജില്ലാ സപ്ലൈ ഓഫീസറെയും ചുമതലപ്പെടുത്തി.
വ്യാജമദ്യത്തിന്റെ അപകടം മുന്നിൽകണ്ട് പൊലീസും എക്സൈസും സംയുക്ത പരിശോധനകൾ നടത്തണം. മാലിന്യനിക്ഷേപം തടയാൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തിറങ്ങണം. തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഒഴിവ് ദിവസങ്ങളിൽ കായൽ-വയൽ നികത്തൽ പോലുള്ള അനധികൃത പ്രവർത്തനങ്ങൾക്ക് സാദ്ധ്യത നിലനിൽക്കെ മുഴുവൻ സമയ ജാഗ്രത പാലിക്കാൻ തഹസീൽദാർമാരെ കളക്ടർ ചുമതലപ്പെടുത്തി.